യു ഡി എഫ് തകർന്നടിഞ്ഞത് തീയ്യ സമുദായത്തെ അവഗണിച്ചതിനാൽ :തീയ്യ മഹാസഭ.
കാഞ്ഞങ്ങാട്: കേരളത്തിൽ ജനസംഖ്യനുപാതത്തിൽ വളരെ മുന്നിൽനിൽക്കുന്ന തീയ്യ സമുദായത്തെ സീറ്റ് നിർണയത്തിലും സംഘടനാ കാര്യങ്ങളിലും പാടെ അവഗണിച്ചതാണ് കോൺഗ്രസ് നേതൃത്വം നൽകുന്ന ഐക്യ ജനാധിപത്യ മുന്നണി അതിദയനീയമായി പരാജയപ്പെടാൻ കാരണമെന്ന് തീയ്യ മഹാസഭ സംസ്ഥാനകമ്മറ്റി അഭിപ്രായപ്പെട്ടു.
അർഹതപ്പെട്ട നിയമസഭാ സീറ്റ് അനുവദിക്കുന്ന കാര്യത്തിൽ ഐക്യ ജനാതിപത്യ മുന്നണി വിശിഷ്യാ കോൺഗ്രസ് പാർട്ടി ചിറ്റമ്മ നയമാണ് പ്രബലമായ തീയ്യ സമുദായത്തോട് സ്വീകരിച്ചത്. അതിന്റെ പ്രതിഫലനങ്ങൾ ആണ് മിക്കവാറും സ്ഥാനാർത്ഥികൾ പരാജയപ്പെടാൻ കാരണമായത് എന്ന് തീയ്യ മഹാസഭ സംസ്ഥാനക്കമ്മറ്റി വിലയിരുത്തി. ഇനിയും സമുദായത്തെ തടവറയിൽ തളച്ചുകൊണ്ടു അർഹതപ്പെട്ട സംവരണാനുകൂല്യങ്ങൾ നൽകാതെ മുന്നോട്ടുപോയാൽ കക്ഷിരാഷ്ട്രീയങ്ങൾ നോക്കാതെ ശക്തമായ പ്രക്ഷോഭങ്ങളുമായി തീയ്യ സമുദായം മുന്നോട്ടുവരും എന്ന് സംസ്ഥാനകമ്മറ്റി മുന്നറിയിപ്പു നൽകി.
പരമ്പരാഗതമായി ഇടതുപക്ഷ വലതുപക്ഷ രാഷ്ട്രീയത്തിനോട് ചേർന്നുനിന്നിട്ടും തീയ്യ സമുദായം രാഷ്ട്രീയ മേഖലകളിൽ നേരിടുന്ന അവഗണനകൾ സമുദായത്തെ സാമ്പത്തികമായി വളരെ പിന്നോക്കം കൊണ്ടുപോയി എന്ന വസ്തുത തീയ്യ സമുദായം മനസിലാക്കിത്തുടങ്ങിയിരിക്കുന്നു. ഈ അവഗണനകൾക്കെതിരെ ശക്തമായി പ്രതികരിക്കാൻ തീയ്യ സമുദായം ഒറ്റകെട്ടായി തീയ്യ മഹാസഭയ്ക്കു കീഴിൽ അണിനിരക്കണമെന്ന് സംസ്ഥാനക്കമ്മറ്റി ആഹ്വാനം ചെയ്തു.
ഓൺലൈൻ ആയിച്ചേർന്ന സംസ്ഥാനക്കമ്മറ്റിയിൽ സംസ്ഥാന പ്രസിഡന്റ് അരുൺ ഇളയേടത്തു, രവി കുളങ്ങര, പ്രവീൺ രാജ്, രാജീവൻ പള്ളിക്കണ്ടി, ശിവദാസൻ പുതിയാടത്തിൽ, പ്രേംരാജ്, ജീവൻ രാജ് , സന്തോഷ് ടി, പീറ്റക്കണ്ടി രവീന്ദ്രൻ, ടി. ഗോപി തുടങ്ങിയവർ സംസാരിച്ചു.