സർക്കാരിനെ ബിജെപിയെ പ്രതിരോധിക്കുന്ന വേദിയാക്കി,പിണറായി ഇനി ദേശീയനായകൻ
തിരുവനന്തപുരം: രാജ്യത്ത് കമ്യൂണിസ്റ്റ് ഭരണം അസ്തമിക്കാതെ നിലനിര്ത്തിയെന്നതുമാത്രമല്ല, പ്രാദേശികപാര്‍ട്ടികളുടെ ഏകോപനത്തിന് കരുത്തുള്ള ദേശീയനായകനായി പിണറായി മാറുന്നുവെന്നതുകൂടിയാണ് ഈ തിരഞ്ഞെടുപ്പുണ്ടാക്കുന്ന മാറ്റം.
സംസ്ഥാനഭരണംകൊണ്ട് ബി.ജെ.പി.യെ പ്രതിരോധിക്കുന്ന മുഖ്യമന്ത്രിയെന്ന പേര് പിണറായി ഇതിനകം നേടിയിട്ടുണ്ട്. അത്തരം ഇമേജുണ്ടാക്കിയ കേരളത്തില്‍, പിണറായി എന്ന നേതാവിന്റെ കരുത്തില്‍മാത്രം തുടര്‍ഭരണമുണ്ടാകുമ്പോള്‍ അതിന് ദേശീയ പ്രാധാന്യം ഏറെയാണ്.
അഞ്ചിലൊന്ന് പാര്‍ലമെന്റ് മണ്ഡലങ്ങള്‍ പ്രതിനിധാനംചെയ്യുന്ന അഞ്ചുസംസ്ഥാനങ്ങളിലാണ് കേരളത്തിനൊപ്പം തിരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ അസം, കേരളം എന്നിവ തിരിച്ചുപിടിച്ചാല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ബി.ജെ.പി.വിരുദ്ധ മുന്നണിക്ക് ശക്തിലഭിക്കുമെന്നായിരുന്നു കണക്കുകൂട്ടല്‍.
എന്നാല്‍, കോണ്‍ഗ്രസിന്റെ അസ്തിത്വംപോലും ചോദ്യംചെയ്യുന്ന ഫലമാണ് ജനവിധിയിലുണ്ടായത്. അതേസമയം, ബി.ജെ.പി.യോട് പോരടിക്കുന്ന ഡി.എം.കെ.യും തൃണമൂല്‍ കോണ്‍ഗ്രസും കേരളത്തില്‍ എല്‍.ഡി.എഫും അധികാരത്തിലെത്തുകയും ചെയ്തു.
പൗരത്വഭേദഗതി നിയമത്തിനെതിരേയടക്കം ബി.ജെ.പി.യോടുള്ള പോരാട്ടത്തിന് മറ്റുസംസ്ഥാനങ്ങളുടെ കൂട്ടായ്മയുണ്ടാക്കാന്‍ പിണറായി വിജയന് എന്ന മുഖ്യമന്ത്രി ശ്രമിച്ചിട്ടുണ്ട്. തമിഴ്നാട്ടില്‍ സ്റ്റാലിനുമായും ഡല്‍ഹിയില്‍ കെജ്രിവാളുമായും അദ്ദേഹം അത്തരമൊരു അനൗപചാരിക സഖ്യമുണ്ടാക്കിയിട്ടുമുണ്ട്. ആ കൂട്ടായ്മയ്ക്ക് ദേശീയ പ്രാധാന്യം ഏറുന്നുവെന്നാണ് ഈ തിരഞ്ഞെടുപ്പുഫലം നല്കുന്ന സൂചന. പിണറായിയുടെ രണ്ടാംവരവ് ആദ്യഘട്ടത്തിലുള്ളതിനെക്കാള് കരുത്തോടെയാണ്.
ഒരുസര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ എങ്ങനെ രാഷ്ട്രീയപ്രതിരോധമാക്കാമെന്ന് തെളിയിക്കാന്‍ ഇതിനകം പിണറായി വിജയന് കഴിഞ്ഞിട്ടുണ്ട്. പൗരത്വഭേദഗതി, കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ ഇടപെടല്‍, സി.ആന്‍ഡ് എ.ജി.യുടെ പരിശോധന എന്നിങ്ങനെ കേന്ദ്രസര്‍ക്കാര്‍ ‘പരിധിവിടുന്നു’വെന്ന് ഇടതുമുന്നണിക്കും സി.പി.എമ്മിനും തോന്നിയ ഘട്ടത്തിലെല്ലാം പിണറായി സര്‍ക്കാരിന്റെ രാഷ്ട്രീയപ്രതിരോധം ജനങ്ങള്‍ കണ്ടതാണ്. പൗരത്വഭേദഗതി ഇവിടെ നടപ്പാക്കില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി തെരുവില്‍ സമരത്തിനിറങ്ങി. ഇതെല്ലാം കേരളത്തില്‍ മാത്രമല്ല, ദേശീയതലത്തില്‍ത്തന്നെ രാഷ്ട്രീയപ്രാധാന്യം നേടിയ ഇടപെടലാണ്. മുസ്ലിം വിഭാഗങ്ങള്‍ക്കിടയില്‍ ഇടതുപക്ഷത്തിന്റെ സ്വാധീനം കൂടാന്‍ ഇത് കാരണമാക്കിയിട്ടുണ്ടെന്ന് ഈ ജനവിധി ബോധ്യപ്പെടുത്തുന്നുണ്ട്. അതിനാല്‍, ബി.ജെ.പി.വിരുദ്ധ രാഷ്ട്രീയത്തിന്റെ ദേശീയ അമരത്ത് ഇനി പിണറായിക്കുള്ള സ്ഥാനം ഏറെ വലുതാണ്.