സൂര്യൻ പടിഞ്ഞാറ് ഉദിക്കുമോ..? കാക്കകൾ മലർന്ന് പറക്കുമോ..?
ഉണ്ണിത്താനോട് ചോദ്യമുയർത്തി സൈബർ കൂട്ടായ്മ.
കാസർകോട് :കേരളത്തിൽ ഇടത് തുടർഭരണം വന്നാൽ സൂര്യൻ പടി ഞ്ഞാറ് ഉദിക്കുമെന്നും കാക്കകൾ മലർന്നു പറക്കുമെന്നുമുള്ള കാസർകോട് എം പി രാജ്മോഹൻ ഉണ്ണിത്താന്റെ പ്രസ്താവനയെ ചോദ്യം ചെയ്തും പരിഹസിച്ചും സൈബർ പോരാളികളും ജനങ്ങളും രംഗത്ത്.ഒരു ചാനൽ ചർച്ചക്കിടയിലാണ് ഉണ്ണിത്താൻ എൽ ഡി എഫിനെ കടന്നാക്രമിച്ച് പതിവ് ശൈലിയിൽ വിടുവായത്തം തട്ടിവിട്ടത്. ഇന്ന് എൽ ഡി എഫിന് കേരളം ഉജ്വല വിജയം സമ്മാനിച്ചതോടെ ഉണ്ണിത്താന്റെ വിടു വായത്തത്തിനെതിരെ നവമാധ്യമങ്ങളിൽ ട്രോളോട് ട്രോളാണ്. എവിടെയും എന്തും വിളിച്ചു പറയുന്ന കോൺഗ്രസ്സ് നേതാവിനെ ഫലം വന്നതോടെ കാണ്മാനില്ലെന്നും തലയിൽ മുണ്ടിട്ട് മുങ്ങിയെന്നുമാണ് ചിലരുടെ പരിഹാസം. എന്തേ ഉണ്ണിത്താൻജി, കാക്കകൾ മലർന്ന് പറന്നോ, നാളെ സൂര്യൻ പടിഞ്ഞാറ് ഉദിക്കുമോ,ഈ പടിഞ്ഞാറെ സൂര്യോദയം കാണാൻ ഞങ്ങളെയും കൂട്ടുമോ, എന്നിങ്ങനെയും ചോദിക്കുന്നവരുണ്ട്.
അതേസമയം എൽ ഡി എഫ് വിജയം ഉണ്ണിത്താന് കടുത്ത ആഘാതമാണ് ഏല്പിച്ചത്. കാസർകോട്ടെ ഉദുമ മണ്ഡലത്തിൽ യു ഡി എഫിനേറ്റ കനത്ത തിരിച്ചടിയുടെ ഞെട്ടലിലാണ് ഈ എം പി. ഇവിടെ പരാജയപ്പെട്ട ബാലകൃഷ്ണൻ പെരിയ ഉണ്ണിത്താന്റെ നോമിനിയായാണ് കോൺഗ്രസ്സിനുള്ളിലുള്ളവർ പറയുന്നത്. ഡി സി സി യുടെ എതിർപ്പ് അവഗണിച്ചാണ് ബാലകൃഷ്ണനെ ഉണ്ണിത്താൻ സ്ഥാനാർഥിയാക്കിയതെന്നും ആരോപണം നിലനിൽക്കുന്നുണ്ട്. പെരിയ ഇരട്ടക്കൊല നിയമസഭാ തിരഞ്ഞെടുപ്പിലും മുതലാക്കാമെന്ന ഉണ്ണിത്താന്റെ തന്ത്രത്തിനും വ്യാമോഹത്തിനുമേനേറ്റ തിരിച്ചടി കൂടിയായി
മണ്ഡലത്തിലെ എൽ ഡി എഫ് വിജയം.ഇത് വരും ദിവസങ്ങളിൽ കാസർകോട് കോൺഗ്രസ്സിൽ വൻ പൊട്ടിത്തെറികൾ സൃഷ്ടിക്കും.