അരുവിക്കരയില്‍ ശബരിനാഥന് തോല്‍വി; 30 വര്‍ഷത്തിനുശേഷം മണ്ഡലം പിടിച്ചെടുത്ത് എല്‍ഡിഎഫ്
തിരുവനന്തപുരം:മുപ്പതു വര്‍ഷത്തിനുശേഷം അരുവിക്കര പിടിച്ചെടുത്ത് എല്‍ഡിഎഫ്. യുഡിഎഫിന്റെ കെ.എസ്.ശബരിനാഥനെ ജി.സ്റ്റീഫന്‍ പരാജയപ്പെടുത്തി. അഴീക്കോട് യുഡിഎഫ് സ്ഥാനാര്‍ഥി കെ.എം.ഷാജിയെ എല്‍ഡിഎഫിന്റെ കെ.വി.സുമേഷ് തോല്‍പ്പിച്ചു. വാശിയേറിയ പോരാട്ടം തുടരുന്ന പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലിന് ലീഡ്. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ മുന്നില്‍നിന്നിരുന്ന ബിജെപി സ്ഥാനാര്‍ഥി ഇ.ശ്രീധരനെ 1170ലേറെ വോട്ടിന് പിന്നിലാക്കി. ഒരുഘട്ടത്തില്‍ 7000 വോട്ട് വരെ ലീഡുനില ഉയര്‍ത്തിയാണ് ശ്രീധരന് ശക്തമായ മല്‍സരം കാഴ്ചവച്ചത്. അതേസമയം, കേരള കോണ്‍ഗ്രസ് എം അഭിമാനപോരാട്ടം കാഴ്ചവച്ച പാലായില്‍ ജോസ് കെ.മാണി പരാജയപ്പെട്ടു. എന്‍സിപിയില്‍നിന്ന് രാജിവച്ച് യുഡിഎഫിനു വേണ്ടി മല്‍സരിച്ച മാണി സി. കാപ്പനോട് പതിനായിരത്തിലേറെ വോട്ടിനാണ് പരാജയം.
നിലമ്പൂരില്‍ എല്‍ഡിഎഫിന്റെ പി.വി.അന്‍വര്‍ 2794 വോട്ടിന് വിജയിച്ചു. യുഡിഎഫ് സ്ഥാനാര്‍ഥി അന്തരിച്ച വി.വി.പ്രകാശിനെയാണ് അന്‍വര്‍ പരാജയപ്പെടുത്തിയത്. പൂഞ്ഞാറില്‍ ജനപക്ഷം സ്ഥാനാര്‍ഥി പി.സി.ജോര്‍ജിന് തോല്‍വി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ 11,404 വോട്ടിനാണ് വിജയിച്ചത്. 15-ാം നിയമസഭയിലേക്കുള്ള വോട്ടെടുപ്പില്‍ 140 മണ്ഡലങ്ങളിലെയും ലീഡുനില പുറത്തുവരുമ്പോള്‍ സംസ്ഥാനത്ത് ഇടതുതരംഗമാണ് കാണുന്നത്. രണ്ടു വരെയുള്ള വിവരമനുസരിച്ച് 97 സീറ്റുകളിലാണ് എല്‍ഡിഎഫ് മുന്നിട്ടുനില്‍ക്കുന്നത്. 43 സീറ്റുകളില്‍ മാത്രമാണ് യുഡിഎഫിന് ലീഡുള്ളത്. വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍ നേമത്തും പാലക്കാടും ശക്തമായ മല്‍സരമാണ് ബിജെപി കാഴ്ച വച്ചിരുന്നത്.
അതിനിടെ, എല്‍ഡിഎഫ് പാനലില്‍ മല്‍സരിച്ച മന്ത്രിമാരെല്ലാം വന്‍ലീഡാണ് നേടിയത്. ഉടുമ്പന്‍ചോലയില്‍ മന്ത്രി എം.എം.മണിയുടെ ലീഡ് 30,000 കടന്നു. മട്ടന്നൂരില്‍ കെ.കെ.ശൈലജയും കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രനും 20,000 വോട്ടിന്റെ ലീഡ് നേടിയിട്ടുണ്ട്.