ഇടതുപക്ഷമാണ് ശരി എന്ന് ജനങ്ങള്‍ തിരിച്ചറിയുന്നു; സംഘപരിവാര്‍ രാഷ്ട്രീയത്തിന് കേരളത്തിന്റെ മണ്ണില്‍ ഇടമില്ലെന്ന് വി.എസ്
ആലപ്പുഴ: കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനെ പിന്തുണച്ച വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ച് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സി.പി.ഐ.എം നേതാവുമായ വി.എസ് അച്യുതാനന്ദന്. വലതുപക്ഷരാഷ്ട്രീയത്തിന്റെ ജീര്‍ണത തിരിച്ചറിഞ്ഞ ജനങ്ങള്‍ ഇടതുപക്ഷമാണ് ശരി എന്ന് വിധിയെഴുതിക്കഴിഞ്ഞുവെന്ന് വി.എസ് പറഞ്ഞു.
സംഘപരിവാര്‍ രാഷ്ട്രീയത്തിന് കേരളത്തിന്റെ മണ്ണില്‍ ഇടമില്ല എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആകെയുള്ള 140 മണ്ഡലങ്ങളില്‍ 94 സീറ്റുകളില്‍ എല്‍.ഡി.എഫാണ് മുന്നിട്ടുനില്‍ക്കുന്നത്.
43 സീറ്റില്‍ യു.ഡി.എഫും മൂന്ന് സീറ്റില്‍ എന്‍.ഡി.എയും മുന്നിട്ടുനില്‍ക്കുന്നു. അന്തിമഫലം വരാനിരിക്കെ കേവലഭൂരിപക്ഷം കടന്നിരിക്കുകയാണ് എല്‍.ഡി.എഫിന്റെ ലീഡ് നില. കോട്ടയം, എറണാകുളം, മലപ്പുറം, വയനാട് കാസര്‍കോട് ജില്ലകളില്‍ മാത്രമാണ് യു.ഡി.എഫ് കൂടുതല്‍ സീറ്റുകളില്‍ ലീഡ് ചെയ്യുന്നത്.
തിരുവനന്തപുരത്ത് ആകെയുള്ള 14 സീറ്റില്‍ 12 ലും എല്‍.ഡി.എഫ് മുന്നിട്ട് നില്ക്കുന്നു. കൊല്ലത്ത് 11 സീറ്റില്‍ ഒമ്പതിടത്തും തൃശ്ശൂരില്‍ 13 ല്‍ 12 ഇടത്തും കണ്ണൂരില്‍ 11 ല്‍ ഒമ്പതിടത്തും എല്‍.ഡി.എഫാണ് ലീഡ് ചെയ്യുന്നത്.
പേരാമ്പ്ര, തിരുവമ്പാടി, ഉടുമ്പന്‍ചോല, ഇടുക്കി എന്നിവിടങ്ങളില്‍ ഇതിനോടകം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ ജയിച്ചു.