മണിയാശാൻ വിജയം കൊയ്തു.
തല മൊട്ടയടിക്കേണ്ട, നല്ല മത്സരം കാഴ്ചവെച്ചു; ഇ.എം അഗസ്തിയോട് എം.എം മണി
ഇടുക്കി: ഉടുമ്പന്‍ചോലയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഇ.എം അഗസ്തി നല്ല മത്സരമാണ് കാഴ്ചവെച്ചതെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയും മന്ത്രിയുമായ എം.എം മണി. മണ്ഡലത്തിലെ പൊതു സ്ഥിതി മാത്രമാണ് വോട്ടിംഗില്‍ പ്രതിഫലിച്ചതെന്നും അദ്ദേഹം പറഞ്ഞു.
അഗസ്തി തല മൊട്ടയടിക്കേണ്ടതില്ലെന്നും മണി പറഞ്ഞു.
തുടര്‍ഭരണം കിട്ടുമെന്നത് ശരിയാണെന്ന് ഇതുവരെയുള്ള വിധി വ്യക്തമാക്കുന്നെന്നും ജനങ്ങള്‍ക്കൊപ്പം സര്‍ക്കാര്‍ നിന്നതിന്റെ ഫലമാണ് ഇതെന്നും എം.എം മണി പ്രതികരിച്ചു.
എല്‍.ഡി.എഫ് സര്‍ക്കാരിനെ ജനം നെഞ്ചേറ്റിയിരിക്കുന്നു. ഞാന്‍ ജയിച്ചതുകൊണ്ട് തലമൊട്ടയടിക്കുമെന്ന് ഇ.എം അഗസ്തി പ്രഖ്യാപിച്ചിരിക്കുകയാണ്. അദ്ദേഹത്തോട് തലമൊട്ടയടിക്കരുതെന്ന് ഞാന്‍ അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്.
അദ്ദേഹം എന്റെ സുഹൃത്താണ്. എന്നെ വിളിച്ച് അഭിനന്ദിച്ചിരുന്നു. അദ്ദേഹം തലമൊട്ടയിക്കാന്‍ പാടില്ല എന്ന് ഞാന്‍ വീണ്ടും അഭ്യര്‍ത്ഥിക്കുകയാണ്. അതാണ് എന്നെ സംബന്ധിച്ച് ശരിയെന്നാണ് തോന്നുന്നത്, എം.എം മണി പറഞ്ഞു.
മന്ത്രിസഭയിലേക്ക് ഉറപ്പാണോ എന്ന ചോദ്യത്തിന് അതിന് ഇനി എന്തെല്ലാം കടമ്പയുണ്ടെന്നും അതെല്ലാം പാര്‍ട്ടി ആലോചിക്കുമെന്നുമായിരുന്നു എം.എം മണിയുടെ മറുപടി. ഞാന്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കണമെന്ന് പാര്‍ട്ടി തീരുമാനിച്ചു. ഇനി എന്ത് വേണമെന്ന് പാര്‍ട്ടി തീരുമാനിക്കും.
ഇടതുപക്ഷ ജനാധിപത്യമുന്നണി പ്രകടനപത്രിക അവതരിപ്പിച്ചു. ജനങ്ങളോടുള്ള പ്രതിബദ്ധത നിലനിര്‍ത്തും. ഈ കൊവിഡ് കാലത്ത് കേരള ജനതയെ നെഞ്ചോടു ചേര്‍ത്തുപിടിച്ച് സര്‍ക്കാര്‍ ആശ്വാസം പകരും എന്ന കാര്യത്തില്‍ സംശയം വേണ്ടെന്നും എം.എം മണി പറഞ്ഞു.
ഉടുമ്പന്‍ചോലയില്‍ എം.എം മണി വിജയിച്ചാല്‍ തല മുണ്ഡനം ചെയ്യുമെന്നായിരുന്നു ഇ.എം അഗസ്തിയുടെ പ്രഖ്യാപനം. ചാനല്‍ സര്‍വേകള്‍ പെയ്ഡ് സര്‍വേകളാണെന്നും അഗസ്തി പറഞ്ഞിരുന്നു.
ജനവിധി മാനിക്കുന്നുവെന്നും താന്‍ പറഞ്ഞ വാക്ക് പാലിച്ച് തലമൊട്ടയടിക്കുമെന്നും ഇ.എം അഗസ്തി പറഞ്ഞിരുന്നു.
‘എം.എം മണിക്ക് അഭിവാദ്യങ്ങള്‍. തല കുനിച്ച് ജനവിധി മാനിക്കുന്നു. ശ്രീകണ്ഠന് നായര്‍ വെല്ലുവിളി ഏറ്റെടുത്തില്ലെങ്കിലും ഞാന്‍ പറഞ്ഞ വാക്ക് പാലിക്കുന്നു. നാളെ തല മൊട്ടയടിക്കും. സ്ഥലവും സമയവും പിന്നീട് അറിയിക്കും. തെരഞ്ഞെടുപ്പ് വിലയിരുത്തല്‍ പിന്നീട് അറിയിക്കും’ ഇ.എം അഗസ്തി പറഞ്ഞു.
ചാനല്‍ സര്‍വേകളില്‍ വിശ്വാസമില്ല. മണി ജയിച്ചാല്‍ താന്‍ തല മുണ്ഡനം ചെയ്യും. മറിച്ചായാല്‍ ചാനല്‍ മേധാവി തല മുണ്ഡനം ചെയ്യുമോയെന്നും അഗസ്തി ചോദിച്ചിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് നരേന്ദ്രമോദി ചാനലുകളെ വിലക്കെടുത്ത പോലെയാണ് ഇപ്പോള്‍ കേരളത്തിലെന്നും അഗസ്തി ആരോപിച്ചിരുന്നു.
ഇടുക്കിയില്‍ ഇത്തവണ ഏറ്റവും ശ്രദ്ധേയമായ മത്സരം നടക്കുന്ന മണ്ഡലമാണ് ഉടുമ്പന്‍ചോല. സിറ്റിംഗ് എം.എല്‍.എയും ജില്ലയില്‍ നിന്നുള്ള മന്ത്രിയായ എം.എം മണിയും മുന്‍ എം.എല്‍.എയും കോണ്‍ഗ്രസിന്റെ ജില്ലയിലെ മുതിര്‍ന്ന നേതാവുമായ അഡ്വ. ഇഎം ആഗസ്തിയും തമ്മിലാണ് ഏറ്റുമുട്ടുന്നത്.
കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ഉടുമ്പന്‍ചോല എല്‍.ഡി.എഫിന്റെ കോട്ടയാണ്. മന്ത്രിയായി നടത്തിയ വികസന പ്രവര്‍ത്തനങ്ങളുടെ ആത്മവിശ്വാസത്തില്‍ രണ്ടാമങ്കത്തിനിറങ്ങിയ എം.എം മണിയെ നേരിടാന്‍ കോണ്‍ഗ്രസ് രംഗത്തിറക്കിയ ഇ.എം ആഗസ്തി തികഞ്ഞ വിജയ പ്രതീക്ഷയിലായിരുന്നു.