കേരളം വീണ്ടും ചെങ്കൊടിത്തണലിൽ, പിണറായി ക്യാപ്റ്റൻ തന്നെ
തിരുവനന്തപുരം: ഉറപ്പാണ് തുടര്‍ഭരണം. അതെ, മലയാളികളും ആ മുദ്രാവാക്യം ഏറ്റെടുത്തു. പിണറായി എന്ന ക്യാപ്റ്റനില്‍ വിശ്വസിച്ചു. ഒരു തുടര്‍ഭരണത്തിന് കേരളം വിധിയെഴുതി. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം തിരുത്തി പിണറായി വിജയന് തിരുത്തിക്കുറിച്ചു. വിവാദങ്ങളേയും വെല്ലുവിളികളേയും നേരിട്ട് വിജയചരിത്രം ആവര്‍ത്തിക്കുന്നു പിണറായി വിജയന് എന്ന കേരളത്തിന്റെ ക്യാപ്റ്റന്‍.
തദ്ദേശ തിരഞ്ഞെടുപ്പ് ഒരു സെമിഫൈനലായിരുന്നു. വരാനിരിക്കുന്ന തകര്‍പ്പന്‍ വിജയത്തിനുള്ള സൂചന. ഫൈനലില്‍ ആധികാരിക വിജയം പിടിച്ചാണ് പിണറായി എന്ന സി.പി.എമ്മിന്റെ നായകന് വിജയചരിത്രമെഴുതുന്നത്. ഇ.എം.എസ്സിനോ കരുണാകരനോ കഴിയാത്ത തുടര്‍ഭരണം എന്ന സ്വപ്നമാണ് പിണറായി ഉറപ്പാക്കിയത്.
നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ആദ്യ മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ തകര്‍ക്കാനാവാത്ത ലീഡ് നിലയുമായാണ് ഇടതുമുന്നണി കുതിക്കുന്നത്. അവസാനഘട്ട കണക്കുകള്‍ പുറത്തുവരുമ്പോള്‍ പ്രതിപക്ഷത്തെപ്പോലും ഞെട്ടിച്ച് 90 സീറ്റുകളില്‍ എല്‍.ഡി.എഫ്. മുന്നേറുകയാണ്. തുടര്‍ഭരണമെന്ന എല്‍.ഡി.എഫ്. പ്രതീക്ഷയിലേക്ക് ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. ഒരു അട്ടിമറികള്‍ക്കും സാധ്യതയില്ലാതെ എല്‍.ഡി.എഫ്. രണ്ടാം വട്ടവും വിജയം ഉറപ്പിച്ചു.
കണ്ണൂരില്‍ പതിനൊന്നില്‍ പത്ത്, തിരുവനന്തപുരത്ത് 14-ല്‍ 12, കൊല്ലത്ത് പതിനൊന്നില്‍ 10, ആലപ്പുഴയില്‍ ഒമ്പതില്‍ ഏഴ്, പാലക്കാട് പന്ത്രണ്ടില്‍ 9, തൃശൂരില്‍ 13-ല്‍ 12. അവസാന കണക്കുകള്‍ പുറത്തുവരുമ്പോള്‍ എറണാകുളം, വയനാട്,മലപ്പുറം ജില്ലകളില്‍ മാത്രമാണ് യു.ഡി.എഫിന് നേട്ടമുണ്ടാക്കാനായിട്ടുള്ളത്.
തദ്ദേശതിരഞ്ഞെടുപ്പ് നല്കിയ വിജയത്തിന്റെ ആത്മവിശ്വാസത്തിന്റെ ചിറകിലേറിയാണ് എല്‍.ഡി.എഫ് നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ടത്. സംസ്ഥാനത്തെ ഭരണാനുകൂല വികാരത്തിനൊപ്പം പിണറായി വിജയന്റെ കരുത്തുറ്റ നായകത്വവും ജനപ്രീതിയും ജനക്ഷേമപ്രവര്‍ത്തനങ്ങളും ചേര്‍ന്നപ്പോള്‍ തുടര്‍ഭരണം എല്‍.ഡി.എഫിന് ഉറച്ച ഉറപ്പായി മാറുകയായിരുന്നു. മുന്നണി സമവാക്യങ്ങളും വികസനനേട്ടങ്ങളും വോട്ടായി മറിയപ്പോള്‍ ഭക്ഷ്യകിറ്റ് വിതരണവും ക്ഷേമപദ്ധതികളും വോട്ടിന് ഉറപ്പ് കൂട്ടി.
സര്‍ക്കാരിന്റെ വികസന നയങ്ങള്‍ക്ക് മുന്നില്‍ വിവാദങ്ങളും പ്രതിപക്ഷ ആരോപണങ്ങളും മുങ്ങിപ്പോകുന്ന, ജനം ഇടതിനു അനുകൂലമായി വിധിയെഴുതിയ കാഴ്ചയ്ക്കാണ് കേരളം ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്. വരും മണിക്കൂറുകളില്‍ മറിച്ചൊരു അത്ഭുതം പ്രതീക്ഷിക്കാനും സാധ്യത കുറയുന്നു.