തുടര്‍ഭരണത്തിലേക്കു നീങ്ങി സംസ്ഥാനം; എല്‍.ഡി.എഫിന് വന്‍ മുന്നേറ്റം
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആദ്യ രണ്ടര മണിക്കൂര്‍ പിന്നിടുമ്പോള്‍ തുടര്‍ഭരണമെന്ന എല്‍.ഡി.എഫ്. സ്വപ്നത്തിന് മേല്‍ക്കൈ. ആദ്യഘട്ട ഫല സൂചനകള്‍ പുറത്തുവരുമ്പോള്‍ 90-ഓളം സീറ്റുകളില്‍ ലീഡ് നിലനിര്‍ത്താന്‍ എല്‍.ഡി.എഫിനായി.
സംസ്ഥാനത്ത് വോട്ടെണ്ണലിന് തുടക്കം കുറിച്ചത് മുതല്‍ എല്‍.ഡി.എഫിന്റെ മുന്നേറ്റം ദൃശ്യമാണ്. 50-നും 60-നും ഇടയില്‍ സീറ്റുകളിലാണ് യു.ഡി.എഫ് മുന്നേറുന്നത്. ഇതിനപ്പുറത്തേക്കുള്ള ഒരു ലീഡ് കൊണ്ടുവരാന്‍ യു.ഡി.എഫിന് ഇതുവരെ ആയിട്ടില്ല. അതേസമയം രണ്ടു സീറ്റുകളില്‍ എന്‍.ഡി.എ. മുന്നേറുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്.
നേമത്ത് കുമ്മനം രാജശേഖനും പാലക്കാട്ട് മെട്രോമാന് ഇ. ശ്രീധരനുമാണ് ലീഡ് ചെയ്യുന്നത്. തൃശൂരില്‍ ഒരു ഘട്ടത്തില്‍ സുരേഷ് ഗോപിയും മുന്നിലെത്തിയിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന് മന്ത്രിമാരായ എംഎം. മണി, കെ.കെ. ശൈലജ, കെ. കൃഷ്ണന്‍കുട്ടി, കടകംപള്ളി സുരേന്ദ്രന് തുടങ്ങിയവര്‍ മുന്നിലാണ്. അതേസമയം, മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്, മുന്‍ മന്ത്രി കെ.ടി. ജലീല്‍ എന്നിവര്‍ പിന്നിലാണ്. ജോസ് കെ. മാണി മത്സരിക്കുന്ന പാലായിലും എം.ബി. രാജേഷും വി.ടി. ബല്‍റാമും നേര്‍ക്കുനേര്‍ വരുന്ന തൃത്താലയിലും കനത്ത മത്സരമാണ് നടക്കുന്നത്.
യു.ഡി.എഫ്. നേതാക്കളായ ഉമ്മന്‍ചാണ്ടി ,പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയ നേതാക്കള്‍ മുന്നേറുന്നുണ്ട്.