മുൻ കിനാനൂർ -കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് എ . വിധുബാലയെ സിപിഎം സസ്പെന്റ് ചെയ്തു
നീലേശ്വരം: സി.പി.ഐ.(എം) കിനാനൂർ ലോക്കൽ ക്കമ്മറ്റിയംഗവും, കിനാനൂർ കരിന്തളം പഞ്ചായത്ത് മുൻ പ്രസിഡണ്ടുമായ എ. വിധുബാലയെ പാർട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന പ്രവർത്തനം നടത്തിയതിന്റെ പേരിൽ 6 മാസത്തേക്ക് പാർട്ടിയുടെ പ്രാഥമീക അംഗത്വത്തിൽ നിന്നും സസ്പെൻറ് ചെയ്യാൻ സി.പി.ഐ.(എം) കിനാനൂർ ലോക്കൽ ക്കമ്മറ്റിയെടുത്ത തീരുമാനത്തിന് നീലേശ്വരം ഏരിയാ ക്കമ്മറ്റി അംഗീകാരം നൽകി.
ബിരിക്കുളം -പരപ്പ റോഡിന് ജില്ലാ പഞ്ചായത്ത് വെച്ച ഫണ്ട് ഡിവിഷൻ മെമ്പർ കയ്യൂർ – ചീമേനി പഞ്ചായത്തിലേക്ക് തെറ്റായ മാർഗ്ഗത്തിലൂടെ കൊണ്ടുപോയി എന്ന വസ്തുതാ വിരുദ്ധമായ കാര്യങ്ങളും , ഇക്കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ തന്നെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനാർത്ഥിയാക്കാത്തതിന് കിനാനൂർ – കരിന്തളം പഞ്ചായത്തിലെ പാർട്ടി നേതാക്കൾ വിഭാഗീയപ്രവർത്തനത്തിലൂടെ ചരട് വലിച്ച് തന്റെ സ്ഥാനാർത്ഥിത്വം ഇല്ലാതാക്കിയെന്നും താനൊഴികെയുള്ള വനിതാ നേതാക്കൾ സ്ഥാനമാനങ്ങൾ നേടിയ ടുത്തത് തെറ്റായ മാർഗ്ഗത്തിലൂടെയാണെന്നും മറ്റുമുള്ള പരാമർശങ്ങൾ അടങ്ങിയ കാര്യങ്ങൾ പാർട്ടി നടപടിക്ക് വിധേയനായ ഒരാളോട് ഫോണിലൂടെ സംസാരിക്കുകയും, അത് സമൂഹ മാധ്യമങ്ങളിലും, ചാനലുകളിലും, പത്രങ്ങളിലുമെല്ലാം വ്യാപകമായി പ്രചരിപ്പിക്കുന്ന സ്ഥിതിയുണ്ടായി. തികച്ചും അടിസ്ഥാനരഹിതവും പാർട്ടി ബന്ധുക്കളിലും പൊതുജനങ്ങളിലും ,പാർട്ടിയേയും, പാർട്ടി നേതാക്കളെയും , അവഹേളിക്കുന്ന തരത്തിലുള്ള നിലപാടാണ് വിധുബാലയുടെ ഭാഗത്ത് നിന്നും ഉണ്ടായത്.
ഒരു സംഘടനാ പ്രവർത്തകയെന്ന നിലയിൽ പാർട്ടിക്ക് നൽകാൻ കഴിയുന്ന എല്ലാ അംഗീകാരവും വിധുബാലയ്ക്ക് ഇതിനോടകം നൽകിയിട്ടുണ്ട്. ഇക്കാര്യങ്ങൾ ജനങ്ങൾക്കറിയാവുന്നതാണ് .
രണ്ട് തവണ കിനാനൂർ – കരിന്തളം പഞ്ചായത്തിൽ മത്സരിപ്പിച്ചു. ഒരു തവണ സ്റ്റാൻ റിംഗ് കമ്മറ്റി ചെയർപേഴ്സണും , ഒരു തവണ പ്രസിഡണ്ടാക്കുകയും ചെയ്തു.
പാർട്ടിക്ക് എതിരായി ഉത്തരവാദസ്ഥാനത്തിരിക്കുന്ന ഒരാളിൽ നിന്നും ഒരിക്കലും ഉണ്ടായിക്കൂടാത്ത പരാമർശങ്ങളാണ് വിധുബാലയുടെ ഭാഗത്ത് നിന്നും ഉണ്ടായത്. തെറ്റായ പരാമർശങ്ങളിലൂടെ പാർട്ടി ബന്ധുക്കൾക്കും , ബഹുജനങ്ങൾക്കുമിടയിൽ പാർട്ടിയുടെ യശസ്സും സൽ പേരും കളഞ്ഞുകുളിക്കുന്ന നിലപാടാണ്
ഉണ്ടായത്. ഇക്കാര്യങ്ങൾ ജനങ്ങൾ തിരിച്ചറിയണമെന്നും ലോക്കൽ ക്കമ്മറ്റി യോഗം അഭ്യർത്ഥിച്ചു. എൻ.വി സുകുമാരൻ അദ്ധ്യക്ഷനായി ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ മാസ്റ്റർ , സെക്രട്ടറിയേറ്റ് അംഗം വി.കെ രാജൻ, ജില്ലാക്കമ്മറ്റിയംഗങ്ങളായ ടി.കെ.രവി , എം,ലക്ഷ്മി ഏരിയാ സെക്രട്ടറി എം രാജൻ ലോക്കൽ സെക്രട്ടറി കെ രാജൻ പാറക്കോൽ രാജൻ എന്നിവർ യോഗത്തിൽ സന്നിഹിതരായിരുന്നു.