മലപ്പുറത്തെ 55 പഞ്ചായത്തുകളിൽ നിരോധനാജ്ഞ; വാരാന്ത്യ നിയന്ത്രണം പൂർണം
മലപ്പുറം: മലപ്പുറത്ത് കൊവിഡ് വൈറസ് രോഗബാധിതരുടെ എണ്ണം ഉയരുന്ന പശ്ചാത്തലത്തിൽ കൂടുതൽ കടുത്ത നടപടികളിലേക്ക് ജില്ലാ ഭരണകൂടം. 55 പഞ്ചായത്തുകളിൽ മേയ് 14 വരെ നിരോധനാജ്ഞ ഏർപ്പെടുത്തി ജില്ലാ കളക്ടർ ഉത്തരവിട്ടു. കൊവിഡ് ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് 30 ന് മുകളിലുളള പഞ്ചായത്തുകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ചൊവാഴ്ച മുതൽ കാടാമ്പുഴ ഭഗവതി അമ്പലത്തിൽ ഭക്തജനങ്ങൾക്ക് പ്രവേശനമുണ്ടായിരിക്കില്ലെന്ന് ഭരണ സമിതി അറിയിച്ചു.അതേസമയം, സംസ്ഥാനത്തെ രണ്ടാം വാരാന്ത്യനിയന്ത്രണം പൂർണമാണ്. പൊലീസ് പരിശോധന എല്ലായിടത്തും കർശനമാക്കി. അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കേസ് എടുത്തു. മാർക്കറ്റുകളിലും ഹാർബറിലും നിയന്ത്രണം കടുപ്പിച്ചു. നഗരത്തിലേയ്ക്ക് എത്തുന്ന മുഴുവൻ ആളുകളെയും പരിശോധിച്ച ശേഷമാണ് കടത്തിവിടുന്നത്.അത്യാവശ്യക്കാരല്ലാത്തവരെ തിരിച്ചയക്കുന്നുമുണ്ട്. രാവിലെ എത്തിയ ആളുകളെ മുന്നറിയിപ്പ് നൽകി തിരിച്ചയച്ചുവെങ്കിൽ പിന്നീട് വന്നവരിൽ നിന്ന് പിഴ ഈടാക്കുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. ഇക്കാര്യത്തിൽ വിട്ടുവീഴ്ച വേണ്ടെന്നാണ് പൊലിസിന് ലഭിച്ച നിർദേശം.