കെ.സുധാകരനെതിരെ കോടതിയലക്ഷ്യ നടപടിക്ക് എ ജിയുടെ അനുമതി;
കണ്ണൂർ: കോൺഗ്രസ് നേതാവ് കെ സുധാകരൻ എം.പിക്കെതിരേ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാൻ അഡ്വക്കേറ്റ് ജനറലിന്റെ അനുമതി. ഷുഹൈബ് വധക്കേസിൽ സുധാകരൻ ഹൈക്കോടതിക്കെതിരേ നടത്തിയ പരാമർശങ്ങൾക്കെതിരേയാണ് കോടതിയലക്ഷ്യ നടപടി. ഹൈക്കോടതി അഭിഭാഷകനായ ജനാർദ്ദന ഷേണായിയുടെ ഹർജിയിലാണ് ഉത്തരവ്.
ഷുഹൈബ് വധക്കേസ് സിബിഐക്ക് വിട്ട ഉത്തരവ് റദ്ദാക്കിയ ഡിവിഷൻ ബെഞ്ചിന്റെ വിധിക്കെതിരെയായിരുന്നു സുധാകരന്റെ വിവാദ പരാമർശം. വിധി പ്രസ്താവിച്ച ജഡ്ജിക്ക് തലയ്ക്ക് വെളിവുണ്ടോയെന്നും ഇത്തരം മ്ലേച്ഛകരമായ വിധി ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുത്തുന്നതാണെന്നുമായിരുന്നു കണ്ണൂരിലെ ഒരു പൊതുയോഗത്തിൽ സുധാകരൻ പറഞ്ഞത്. ഈ പരാമർശത്തിലാണ് ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം നടപടിയെടുക്കാൻ ശുപാർശ ചെയ്തത്.
അതേസമയം തന്റെ പരാമർശത്തിൽ കോടതിയലക്ഷ്യമായി ഒന്നുമില്ലെന്ന് സുധാകരൻ പ്രതികരിച്ചു. തന്നെ ശിക്ഷിക്കാൻ കോടതിക്ക് ആകില്ലെന്ന് വിശ്വാസമുണ്ട്. അന്നത്തെ പരാമർശത്തിൽ തെറ്റില്ലെന്നും തിരുത്ത് വേണ്ടെന്നും കോടതിയലക്ഷ്യ നടപടിക്ക് അനുമതി നൽകിയതിന് പിന്നാലെ സുധാകരൻ മാധ്യമങ്ങളോട് വ്യക്തമാക്കി.
2019 ഓഗസ്റ്റിലാണ്ചീഫ് ജസ്റ്റിസ് അടങ്ങിയ ഡിവിഷൻ ബെഞ്ച് ഷുഹൈബ് വധക്കേസ് സിബിഐക്ക് വിട്ട സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കിയത്.