മുംബൈ: സര്‍ക്കാര്‍ രൂപീകരണത്തില്‍ അനിശ്ചിതത്വം മുറുകുന്ന മഹാരാഷ്ട്രയില്‍ നിലപാട് വ്യക്തമാക്കി എന്‍.സി.പി. അധ്യക്ഷന്‍ ശരദ് പവാര്‍. ശിവസേനയ്ക്കും ബി.ജെ.പിയ്ക്കും അനുകൂലമായാണ് ജനങ്ങള്‍ വിധിയെഴുതിയതെന്നും അതിനാല്‍ എത്രയും പെട്ടെന്ന് അവര്‍ സര്‍ക്കാര്‍ രൂപവത്കരിക്കണമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പ്രതിപക്ഷത്തിരിക്കാനാണ് തങ്ങള്‍ക്ക് ലഭിച്ച ജനവിധിയെന്നും അതിനാല്‍ എന്‍.സി.പി. പ്രതിപക്ഷത്തിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ 25 വര്‍ഷമായി ശിവസേനയും ബി.ജെ.പി.യും ഒരുമിച്ചാണുള്ളത്. ഇന്നല്ലെങ്കില്‍ നാളെ അവര്‍ വീണ്ടും ഒരുമിക്കും. നിലവില്‍ സംസ്ഥാനത്ത് ഒരു ഓപ്ഷന് മാത്രമേയുള്ളൂ. ബി.ജെ.പിയും ശിവസേനയും ചേര്‍ന്ന് സര്‍ക്കാര്‍ ഉണ്ടാക്കുക എന്നതാണത്. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഒഴിവാക്കാന്‍ അതല്ലാതെ മറ്റുമാര്‍ഗങ്ങളില്ലെന്നും ശരദ് പവാര്‍ വിശദീകരിച്ചു.
അതേസമയം, ശിവസേന നേതാവ് സഞ്ജയ് റാവത്തുമായുള്ള കൂടിക്കാഴ്ചയില്‍ ചില പ്രശ്നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തെന്ന് മാത്രമായിരുന്നു പവാറിന്റെ മറുപടി. നടക്കാനിരിക്കുന്ന രാജ്യസഭ തിരഞ്ഞെടുപ്പിനെ സംബന്ധിച്ചും ഇരുപാര്‍ട്ടികള്‍ക്കും ഒരേനിലപാടുള്ള ചില പ്രശ്നങ്ങളെക്കുറിച്ചുമാണ് സഞ്ജയ് റാവത്തുമായി ചര്‍ച്ച ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ….