തുടര്‍ഭരണമുണ്ടായാല്‍ സത്യപ്രതിജ്ഞ തിങ്കളാഴ്ച നടന്നേക്കും;
പൊതുഭരണ വകുപ്പിന് നിര്‍ദേശം നല്കി പിണറായി
തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ഭരണമുണ്ടായാല്‍ സത്യപ്രതിജ്ഞ നീട്ടിക്കൊണ്ട് പോകില്ലെന്ന് സി.പി.എം വൃത്തങ്ങള്‍ സൂചന നല്കുന്നു. തിങ്കളാഴ്ച തന്നെ പിണറായി വിജയന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പറയുന്നത്. കൊവിഡ് വ്യാപനം സംസ്ഥാനത്ത് രൂക്ഷമായിരിക്കെ ഭരണപ്രതിസന്ധി ഉണ്ടാകാന്‍ പാടില്ലെന്നാണ് പാര്‍ട്ടി നിലപാട്. തുടര്‍ഭരണമുണ്ടായാല്‍ സത്യപ്രതിജ്ഞ ചടങ്ങിനുളള ഒരുക്കങ്ങള്‍ ആരംഭിക്കണമെന്ന നിര്‍ദ്ദേശം മുഖ്യമന്ത്രി പൊതുഭരണ വകുപ്പിന് നല്കി.
നാളെ തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ എല്‍.ഡി.എഫ് അനുകൂല വിധിയെഴുത്ത് ഉണ്ടായാല്‍ പൊതുഭരണ വകുപ്പ്
രാജ്ഭവനുമായി ആലോചിച്ച് മറ്റ് ക്രമീകരണങ്ങള്‍ ഒരുക്കും. കൊവിഡ് പ്രോട്ടോക്കള്‍ അടക്കം പാലിക്കേണ്ടത് ഉളളതിനാല്‍ രാജ്ഭവനില്‍ വച്ചായിരിക്കും സത്യപ്രതിജ്ഞ നടക്കുക. ചുരുക്കം ചിലര്‍ മാത്രമായിരിക്കും സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കുക. കഴിഞ്ഞ തവണ ആഘോഷത്തോടെ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വച്ചായിരുന്നു പിണറായി മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.
മുഖ്യമന്ത്രിക്കൊപ്പം ഘടകക്ഷികളിലെ പ്രിതിനിധികളായ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് വിവരമുണ്ട്. അതേസമയം, മുഖ്യമന്ത്രിയും ആരോഗ്യമന്ത്രി കെ.കെ ശൈലജയും മാത്രം സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന അടക്കം പറച്ചിലുമുണ്ട്. 2016ല്‍ തിരഞ്ഞെടുപ്പ് ഫലം വന്ന് ആറാം ദിവസമാണ് പിണറായി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. പാര്‍ട്ടിയുമായി കൂടിയാലോചിച്ച ശേഷമാണ് പൊതുഭരണ വകുപ്പിന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
എക്സിറ്റ് പോള്‍ ഫലങ്ങളും എല്‍.ഡി.എഫിന് ആത്മവിശ്വാസം നല്‍കുന്നുണ്ട്. പ്രോട്ടോക്കോള്‍ അനുസരിച്ച് ഈ മന്ത്രിസഭയുടെ രാജി മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് നല്‍കേണ്ടതുണ്ട്. അതിനു ശേഷം പാര്‍ട്ടിയുടേയും മുന്നണിയുടെ പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേര്‍ന്നാകും പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കുക. ഭൂരിപക്ഷം തെളിയിക്കുന്ന കത്ത് ഗവര്‍ണര്‍ക്ക് മുന്നില്‍ ഹാജരാക്കേണ്ടതുമുണ്ട്.
നിലവിലെ സാഹചര്യത്തില്‍ ജയിച്ച അംഗങ്ങള്‍ തിരുവനന്തപുരത്ത് എത്തുന്നത് കാത്തുനില്‍ക്കാതെ ഓണ്‍ലൈനായി യോഗം ചേര്‍ന്ന് പിണറായിയെ നേതാവായി തിരഞ്ഞെടുക്കാനുളള തന്റെ മണ്ഡലമായ ധര്‍മ്മടത്താണ് മുഖ്യമന്ത്രി ഇപ്പോഴുളളത്. നാളെ തിരഞ്ഞെടുപ്പ് ഫലം അറിഞ്ഞശേഷം തിരഞ്ഞെടുപ്പ് കമ്മിഷന്റെ സര്‍ട്ടിഫിക്കറ്റും വാങ്ങിയാകും രാജിക്കത്ത് നല്കാന് മുഖ്യമന്ത്രി തിരുവനന്തപുരത്തേക്ക് തിരിക്കുക. നാളെ രാത്രി തന്നെ അദ്ദേഹം തലസ്ഥാനത്തേക്ക് പുറപ്പെടുമെന്നാണ് വിവരം.
യു.ഡി.എഫ് അധികാരത്തില്‍ വന്നാലും സത്യപ്രതിജ്ഞ നീട്ടിക്കൊണ്ടു പോകാന്‍ സാധിക്കില്ല. കൊവിഡ് സാഹചര്യം രൂക്ഷമായിരിക്കെ ഗ്രൂപ്പ് വഴക്കും ഘടകക്ഷികളുമായുളള തര്‍ക്കവും കാരണം മുന്നണിയുടെ പതിവ് ശൈലി ആവര്‍ത്തിച്ചാല്‍ സര്‍ക്കാരിന്റെ തുടക്കത്തില്‍ തന്നെ അത് വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കും. പാര്‍ലമെന്ററി പാര്‍ട്ടി ചേര്‍ന്ന് മുഖ്യമന്ത്രിയെ അടക്കം തീരുമാനിക്കുന്നത് കോണ്‍ഗ്രസിനെ സംബന്ധിച്ച് കീറാമുട്ടിയാണ്.