കോണ്‍ഗ്രസ്സിനെ കുരുക്കിയിടാന്‍ തിരക്കിട്ട് നടപടിയുമായി സര്‍ക്കാര്‍ ; നിലമ്പൂര്‍ രാധ വധക്കേസില്‍ പ്രതികളെ വെറുതേ വിട്ടതിനെതിരേ സുപ്രീം കോടതിയിലേക്ക്
കൊച്ചി : നിലമ്പൂര്‍ രാധ വധക്കേസിലെ പ്രതികളെ വെറുതേവിട്ട ഹൈക്കോടതിവിധിക്കെതിരേ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കും. പ്രത്യേകാനുമതി ഹര്‍ജി നല്‍കാമെന്ന് അഡ്വക്കേറ്റ് ജനറല്‍ (എ.ജി.) നിയമോപദേശം നല്‍കിയതോടെ അടിയന്തരമായി ഹര്‍ജി സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്കി. പ്രതികള്‍ക്കെതിരായ തെളിവുകള്‍ ശരിയാണോ എന്നതു ഹൈക്കോടതി പരിശോധിച്ചില്ലെന്നും തെറ്റായ നിഗമനങ്ങളാലാണു പ്രതികളെ വെറുതേവിട്ടതെന്നുമാണു സര്‍ക്കാരിന്റെ വാദം.
ഇടതുമുന്നണിക്കു ഭരണത്തുടര്‍ച്ച ലഭിച്ചില്ലെങ്കില്‍ കേസ് തേച്ചുമാച്ചുകളയുമെന്ന വിലയിരുത്തലില്‍ വോട്ടെണ്ണലിനു മുമ്പായി ധൃതിപിടിച്ചാണു സര്‍ക്കാര്‍ നീക്കം. സോളാര്‍ തട്ടിപ്പുകേസില്‍ സരിത എസ്. നായരെ അറസ്റ്റ് ചെയ്തതും കാര്‍ കത്തിക്കല്‍ കേസില്‍ ഇ.എം.സി.സി. കമ്പനിയുടമ ഷിജു വര്‍ഗീസിനെ പിടികൂടിയതും കുഴല്‍പ്പണക്കേസ് അതിവേഗം അന്വേഷിക്കുന്നതുമെല്ലാം ഇതിന്റെ ഭാഗമാണ്.
രാധ വധക്കേസില്‍ ഒന്നാം പ്രതി ബിജു നായര്‍, രണ്ടാം പ്രതി ഷംസുദ്ദീന് എന്നിവരെയാണു ഹൈക്കോടതി വെറുതേവിട്ടത്. ജീവപര്യന്തം തടവിനു വിധിച്ച മഞ്ചേരി കോടതിയുടെ ഉത്തരവിനെതിരേ പ്രതികള്‍ നല്കിയ അപ്പീല്‍ അനുവദിച്ചായിരുന്നു ഹൈക്കോടതി വിധി.
കോണ്‍ഗ്രസ് നിലമ്പൂര്‍ ബ്ലോക്ക് ഓഫീസിലെ തൂപ്പുകാരിയായിരുന്ന ചിറയ്ക്കല്‍ വീട്ടില്‍ രാധ (49) കോണ്‍ഗ്രസ് ഓഫീസില്‍ വച്ചാണു കൊല്ലപ്പെട്ടത്. 2014 ഫെബ്രുവരി അഞ്ചിനു കാണാതായ രാധയുടെ മൃതദേഹം ഫെബ്രുവരി പത്തിന് ചുള്ളിയോട് ഉണ്ണിക്കുളത്ത് കുളത്തിലാണു കണ്ടെത്തിയത്.
നിലമ്പൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് ഓഫീസ് സെക്രട്ടറിയും മന്ത്രി ആര്യാടന് മുഹമ്മദിന്റെ പഴ്സണല്‍ സ്റ്റാഫ് അംഗവുമായിരുന്നു ബിജു നായര്‍.
ബിജുവിന്റെ പരസ്ത്രീബന്ധം നേതാക്കളെ അറിയിക്കുമെന്നു രാധ ഭീഷണിപ്പെടുത്തിയിരുന്നെന്നും തന്റെ രാഷ്!!*!്രടീയ ഭാവി ഇല്ലാതാകുമെന്ന ആശങ്കയാണ് രാധയെ കൊലപ്പെടുത്താന്‍ ബിജുവിനെ പ്രേരിപ്പിച്ചതെന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
കോണ്‍ഗ്രസ് ഓഫീസില്‍വച്ചു പ്രതികള്‍ രാധയെ ക്രൂരമായി കൊലപ്പെടുത്തിയെന്നു കുറ്റപത്രത്തില്‍ പറയുന്നു. കൊലപാതകം, ലൈംഗികാതിക്രമം, തെളിവു നശിപ്പിക്കല്‍, ഗൂഢാലോചന, കവര്‍ച്ച എന്നീ വകുപ്പുകളാണു പ്രതികള്‍ക്കെതിരേ ചുമത്തിയത്.
ജനനേന്ദ്രിയത്തില്‍ മുറിവുള്ളതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉണ്ടെന്നും കൊല്ലപ്പെട്ടതു ബലാസംഗത്തിനിടെയെന്നും ആരോപണമുണ്ടായി. ബലാത്സംഗം നടന്നതായി തെളിവില്ലെന്നാണു പോലീസ് പറഞ്ഞത്. ജനനേന്ദ്രിയത്തിലെ മുറിവിനു കാരണം ചൂല് കുത്തിക്കയറ്റിയതാണെന്നാണു പോലീസിന്റെ കണ്ടെത്തല്‍. എന്നാല്‍, തെളിവുകള്‍ ഹൈക്കോടതി വേണ്ടവിധം പരിഗണിച്ചില്ലെന്നാണു പ്രോസിക്യൂഷന്റെ വാദം.