അന്ന് ‘ഹാൻസ് വീഡിയോ‘യിൽ സുരേന്ദ്രന് പാക്കറ്റ് കൈമാറിയ വ്യക്തി; സുനിൽ നായിക് വിവാദത്തിലാവുന്നത് ഇത് രണ്ടാം തവണ
കൊച്ചി: കൊടകരയിലെ കള്ളപ്പണം തട്ടിയെടുക്കൽ കേസുമായി ബന്ധപ്പെട്ട് പൊലീസ് മൊഴിയെടുത്ത സുനിൽനായിക് ബിജെപി നേതൃത്വത്തിനെ വിവാദത്തിലെത്തിക്കുന്നത് ഇത് രണ്ടാം തവണ.
ശബരിമല സമരകാലത്ത് സോഷ്യൽമീഡിയയിൽ പ്രചരിച്ച ‘ഹാൻസ്’ വീഡിയോയിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് പാക്കറ്റ് കൈമാറിയിരുന്നത് സുനിൽ ആയിരുന്നു.
അന്നു സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വിഡിയോകളിൽ ഹാൻസാണെന്ന് ആരോപിക്കപ്പെടുന്ന പാക്കറ്റ് സുരേന്ദ്രനു കൈമാറുന്നതായി കാണുന്നത് സുനിൽ നായിക്കാണെന്ന് മനോരമ ഓൺലൈനാണ് റിപ്പോർട്ട് ചെയ്യുന്നു.
കൊടകര കുഴൽപ്പണ കവർച്ചാകേസിലെ പരാതിക്കാരനും വാഹന ഉടമയുമായ ധർമ്മരാജന് പണം കൈമാറിയത് സുനിൽ നായിക്കാണെന്ന വെളിപ്പെടുത്തൽ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.
ഇതോടെയാണ് സുനിലും ബി.ജെ.പി നേതൃത്വവും തമ്മിലുള്ള ബന്ധം പുറത്ത് വന്നത്. കെ സുരേന്ദ്രൻ യുവമോർച്ച സംസ്ഥാന പ്രസിഡന്റായ കാലഘട്ടത്തിൽ സംസ്ഥാന ട്രഷററായിരുന്നു സുനിൽ നായിക്.
യുവമോർച്ച ദേശീയ കൗൺസിൽ അംഗം, കോഴിക്കോട് ജില്ലാ പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്