നെടുമങ്ങാട് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു
നെടുമങ്ങാട്: തിരുവനന്തപുരം നെടുമങ്ങാട് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. നെടുമങ്ങാട് നെട്ട ശ്രീഭദ്ര ദേവീക്ഷേത്രത്തിനടുത്ത് ശ്രീവത്സത്തില്‍ സതീശന് നായര്‍ (60) ആണ് ഭാര്യ ഷീജയെ (48) വെട്ടി കൊലപ്പെടുത്തിയ ശേഷം കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സതീശന് നായരുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഷീജ മെഡിക്കല്‍ കോളേജിലേക്കുള്ള വഴിമധ്യേയാണ് മരിച്ചത്. ആത്മഹത്യയ്ക്ക് ശ്രമിച്ച സതീശന് നായര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
സംഭവത്തില്‍ നെടുമങ്ങാട് പോലീസ് കേസെടുത്തു. ഇന്ന് രാവിലെ 10.30നാണ് സംഭവം നടന്നത്. ഇവര്‍ക്ക് രണ്ട് മക്കളാണ് ഉള്ളത്. സംഭവസമയത്ത് ഇരുവരും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. മക്കള്‍ രണ്ടുപേരും ഓണ്‍ലൈന്‍ ക്ലാസിനായി രാവിലെ ബന്ധുവീട്ടിലേക്ക് പോയിരിക്കുകയായിരുന്നു.
സതീശന്നായും ഷീജയും തമ്മില്‍ സ്ഥിരമായി വഴക്ക് ഉണ്ടായിരുന്നുവെന്നാണ് വിവരം. ഇന്നലെ വൈകുന്നേരം വഴക്ക് കുടിയ സമയത്ത് ഷീജയുടെ താലിമാല സതീശന് നായര്‍ പൊട്ടിച്ചിരുന്നു. തുടര്‍ന്ന് വിവരം ഷീജ തന്റെ വീട്ടുകാരെ അറിയിച്ചിരുന്നു. ഇതിന് ശേഷം ഷീജ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെന്നാണ് വിവരം.
ഇതോടെ ഷീജയുടെ വീട്ടുകാര്‍ വിവരം നെടുമങ്ങാട് പോലീസില്‍ അറിയിച്ചു. പോലീസ് എത്തി ഇന്ന് രാവിലെ 10 മണിക്ക് സ്റ്റേഷനില്‍ ചെല്ലാന്‍ സതീശന് നായരോട് ആവശ്യപ്പെട്ടിരുന്നു. രാവിലെ കുട്ടികള്‍ ഓണ്‍ലൈന്‍ പഠനത്തിന് പോയ സമയത്താണ് വീണ്ടും വഴക്കുണ്ടാകുകയും കൊലപാതകം നടക്കുകയും ചെയ്തത്. ഇവരുടെ മകന് ഉച്ചയ്ക്ക് എത്തിയപ്പോള്‍ മുന്‍വശത്തെ വാതില്‍ പൂട്ടി കിടക്കുന്ന നിലയിലായിരുന്നു. അടുക്കള വശത്തെ വാതില്‍ തുറന്ന് നോക്കിയപ്പോഴാണ് ഷീജയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടത്.