ബാവിക്കര തടയണക്ക് ഭീഷണി ഉയർത്തി റഗുലേറ്ററിനരികില് വ്യാപക മണല്‍ക്കൊള്ള
കാസർകോട് :മാസങ്ങൾക്ക് മുമ്പ് ഉദ്ഘാടനം കഴിഞ്ഞ് പ്രവർത്തനം തുടങ്ങിയ മുളിയാറിലെ ബാവിക്കര തടയണയ്ക്ക് തൊട്ടരികില്‍ വ്യാപക മണലെടുപ്പ്. രാത്രികാലങ്ങളില്‍ അധികൃതരുടെ സഹായത്തോടെയാണ് കടത്ത്. പദ്ധതി പ്രദേശത്ത് 500 മീറ്റര്‍ ചുറ്റളവില്‍ മണലെടുപ്പ് പാടില്ലെന്ന പ്രത്യേക നിര്‍ദേശം പരസ്യമായി ലംഘിച്ചാണ് മണലൂറ്റ് തുടരുന്നത്. തടയണ ഉദ്ഘാടനം കഴിഞ്ഞ് ദിവസങ്ങള്‍ക്കകം മണലെടുപ്പ് ആരംഭിച്ചതോടെ നാട്ടുകാരും ജലവിഭവ വകുപ്പ് അധികൃതരും പരാതി നല്‍കിയിരുന്നു. എന്നാല്‍ നടപടി ഉണ്ടായില്ല. മണലെടുപ്പ് നിര്‍ബാധം തുടര്‍ന്നതോടെ റവന്യൂ വകുപ്പ് പരിശോധന നടത്തിയിരുന്നു.
രാത്രികാലത്ത് ഡ്യൂട്ടിയില്‍ ഉണ്ടാകാറുള്ള ചില പൊലീസുകാരും ഉന്നത ഉദ്യോഗസ്ഥരും മണല്‍ മാഫിയയ്ക്ക് ഒത്താശ ചെയ്തു കൊടുക്കുന്നുവെന്ന പരാതിയുമുണ്ട്. എട്ട് മീറ്ററോളം ആഴത്തില്‍ ടണ്‍ കണക്കിന് മണല്‍ നിരത്തി ഉറപ്പിച്ച ശേഷമാണ് തടയണ നിര്‍മിച്ചത്. ഈ മണലാണ് കടത്തുന്നത്. മണലെടുപ്പ് തുടര്‍ന്നാല്‍ കോടികള്‍ ചെലവിട്ട് നിര്‍മിച്ച തടയണയ്ക്ക് അപകടം സംഭവിക്കും.
നടപടിയില്ലെങ്കില്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് നാട്ടുകാര്‍ പറഞ്ഞു.