സംസ്ഥാനത്ത് യാത്രക്കാര്‍ കുറഞ്ഞു; ട്രെയിനുകളില്‍ കോച്ച് വെട്ടിക്കുറക്കുന്നു
കൊച്ചി: കൊവിഡ് വ്യാപനം കൂടിയതോടെ സംസ്ഥാനത്തിനകത്ത് യാത്ര ചെയ്യുന്നവരുടെ എണ്ണം കുത്തനെ കുറഞ്ഞ പശ്ചാത്തലത്തില്‍ ട്രെയിനുകളില്‍ കോച്ചുകള്‍ വെട്ടിക്കുറച്ചു. രോഗ വ്യാപന തോത് ഉയര്‍ന്ന കഴിഞ്ഞ രണ്ടാഴ്ചക്കിടെയാണ് യാത്രികരുടെ എണ്ണം വലിയ തോതില്‍ കുറഞ്ഞത്. മലബാര്‍ മേഖലയില്‍ നിന്ന് വ്യത്യസ്തമായി തെക്കന്‍ മേഖലകളില്‍ നിന്നാണ് ആദ്യഘട്ടത്തില്‍ യാത്രക്കാര്‍ കുറഞ്ഞിരുന്നതെങ്കില് ഇപ്പോള്‍ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള യാത്രക്കാരുടെ എണ്ണം കുറഞ്ഞുവരികയാണ്. ഈയൊരു പശ്ചാത്തലത്തിലാണ് മിക്ക വണ്ടികളിലെയും കോച്ചുകള്‍ കുറക്കാന്‍ റെയില്‍വേ നിര്‍ബന്ധിതമായത്.
ചെന്നൈ- ആലപ്പി, ചെന്നൈ-തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ്, തിരുവനന്തപുരം-ചെന്നൈ മെയില്‍ തുടങ്ങിയ ട്രെയിനുകളില്‍ നിലവില്‍ കോച്ചുകള്‍ വെട്ടിക്കുറച്ചിട്ടുണ്ട്. ചെന്നൈ ആലപ്പുഴ എക്സ്പ്രസില്‍ തേര്‍ഡ് എ സി കോച്ച് മൂന്നാക്കി. തിരുവനന്തപുരം-മധുര എക്സ്പ്രസില്‍ സ്ലീപ്പറുകള്‍ പത്തില്‍ നിന്ന് എട്ടാക്കി. മധുര-പുനലൂര്‍ ട്രെയിനില്‍ രണ്ട് സ്ലീപ്പര്‍ കോച്ച് കുറച്ചു. തിരുവനന്തപുരം- മംഗലാപുരം എക്സ്പ്രസിലെ സ്ലീപ്പര്‍ കോച്ചുകളുടെ എണ്ണവും കുറച്ചിട്ടുണ്ട്.
യാത്രക്കാരുടെ എണ്ണം ഇതേ രീതിയില്‍ തീര്‍ത്തും കുറഞ്ഞാല്‍ കൂടുതല്‍ കോച്ചുകള്‍ വെട്ടിക്കുറക്കാന്‍ റെയില്‍വേ ഒരുങ്ങുമെന്നാണ് സൂചന.
നിറയെ യാത്രക്കാരുണ്ടായിരുന്ന മംഗലാപുരത്ത് നിന്ന് പുറപ്പെടുന്ന പരശുറാം എക്സ്പ്രസ് ഉള്‍പ്പെടെയുള്ള ട്രെയിനുകളില്‍ പല ദിവസങ്ങളിലും മിക്ക കോച്ചുകളും ഒഴിഞ്ഞ നിലയിലായിരുന്നു. കണ്ണൂരില്‍ നിന്ന് പുറപ്പെടുന്ന ഇന്റര്‍സിറ്റിയിലും ദിവസങ്ങളായി യാത്രക്കാര്‍ കുറവാണ്. സുരക്ഷാ അറ്റകുറ്റപ്പണികളുടെ ഭാഗമായി ഇന്റര്‍സിറ്റി എക്സ്പ്രസിന്റെ യാത്ര അടുത്ത ദിവസങ്ങളില്‍ ഷൊര്‍ണൂര്‍ വരെയായി ചുരുങ്ങുമ്പോള്‍ ഇനിയും യാത്രക്കാരുടെ എണ്ണം കുറയുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
ജനശതാബ്ദി ട്രെയിനുകളിലും യാത്രക്കാരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കപ്പെട്ടതും സ്വകാര്യ മേഖലയിലടക്കം വര്‍ക്ക് ഫ്രം ഹോം രീതി അവംലബിച്ചതും യാത്രികരുടെ എണ്ണം കുറയാനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. നേരത്തേ, കര്‍ണാടകയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുകയും യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറയുകയും ചെയ്ത സാഹചര്യത്തില്‍ കേരളത്തില്‍ നിന്ന് ബെംഗളൂരുവിലേക്കും തിരിച്ചുമുള്ള രണ്ട് ട്രെയിനുകള്‍ റെയില്‍വേ പൂര്‍ണമായും റദ്ദാക്കിയിരുന്നു.
അതേസമയം, ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കുള്ള യാത്രക്കാരുടെ എണ്ണം കുത്തനെ കൂടിയിട്ടുണ്ട്. ബീഹാര്‍, ബംഗാള്‍, അസം സംസ്ഥാനങ്ങളിലേക്കുള്ള ട്രെയിനുകളിലാണ് യാത്രക്കാര്‍ ഏറെയുള്ളത്. പാലക്കാട് ഡിവിഷനില്‍ നിന്ന് മാത്രം ആറിലധികം ട്രെയിനുകളാണ് ഈ വടക്കു-കിഴക്കന്‍ മേഖലകളിലേക്ക് സര്‍വീസ് നടത്തുന്നത്. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ പാലക്കാട് ജംഗ്ഷനില്‍ നിന്ന് പുറപ്പെടുന്ന എറണാകുളം-പട്ന സൂപ്പര്‍ഫാസ്റ്റ് ഉള്‍പ്പെടെയുള്ള ട്രെയിനുകളില്‍ ഇപ്പോഴും നല്ല തിരക്കാണനുഭവപ്പെടുന്നത്. പട്ന എക്സ്പ്രസില്‍ മൂന്ന് സ്ലീപ്പറും ഒരു സെക്കന്‍ഡ് സിറ്റിംഗ് കോച്ചും കൂട്ടി.
എറണാകുളം-നിസാമുദ്ദീന്‍ എക്സ്പ്രസില്‍ ഒരു കോച്ച് കൂട്ടിയിട്ടുണ്ട്. ബംഗാള്‍ അടക്കമുള്ള സംസ്ഥാനങ്ങളില്‍ കൊവിഡ് സ്ഥിതി രൂക്ഷമാണെങ്കിലും ഇവിടേക്ക് പോകുന്ന യാത്രക്കാരുടെ എണ്ണം ദിനേന കൂടുകയാണ്. ലോക്ക്ഡൗണ്‍ ഇല്ലെങ്കിലും കടുത്ത നിയന്ത്രണങ്ങളും ശനി, ഞായര്‍ മിനി ലോക്ക്ഡൗണും മൂലം തൊഴില്‍ കുറയുമെന്ന ആശങ്കയാണ് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുള്ളത്.