ഇ.എം.എസ്. സ്റ്റേഡിയം: സിന്തറ്റിക് ട്രാക്ക് മേയില്‍ ഒരുങ്ങും
നീലേശ്വരം : നീലേശ്വരം ഇ.എം.എസ്. സ്റ്റേഡിയത്തിന്റെ സിന്തറ്റിക് ട്രാക്ക് മേയില്‍ ഒരുങ്ങും. മൂന്ന് പാളികളായി ഒരുക്കേണ്ട ട്രാക്കിലെ ആദ്യ പാളി പൂര്‍ണമായും രണ്ടാമത്തേത് 90 ശതമാനവും പൂര്‍ത്തിയായി. മൂന്നാമത്തെ പാളികൂടി പൂര്‍ത്തിയാകുന്നതോടെ ട്രാക്ക് അടയാളപ്പെടുത്തുന്നതടക്കമുള്ള പ്രവൃത്തി ആരംഭിക്കും.
ഫെബ്രുവരി 22-നാണ് കായികമന്ത്രി ഇ.പി. ജയരാജന് സ്റ്റേഡിയത്തിന്റെ ഒന്നാംഘട്ട നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചത്. സ്വാഭാവിക പ്രതലത്തോടുകൂടിയ ഫുട്ബോള്‍ കളിസ്ഥലം, എട്ട് ലൈനുകളായി 400 മീറ്റര്‍ സിന്തറ്റിക് ട്രാക്ക്, ഗാലറി സൗകര്യങ്ങളോടുകൂടിയ വോളിബോള്‍-ബാസ്കറ്റ്ബോള്‍ കോര്‍ട്ട്, മൂന്ന് നിലകളിലായുള്ള പവലിയന് കെട്ടിടം, നീന്തല്‍ക്കുളം തുടങ്ങി ആധുനിക സൗകര്യങ്ങളാണ് സ്റ്റേഡിയത്തിലുള്ളത്.
സിന്തറ്റിക് ട്രാക്കും കോര്‍ട്ടുകള്‍ ഒരുക്കാനുള്ള വിദഗ്ധ പ്രവൃത്തികളാണ് അന്ന് ബാക്കിയായിരുന്നത്. നീലേശ്വരം ബ്ലോക്ക് ഓഫീസിന് മുന്‍വശത്തുള്ള ഏഴേക്കറിലാണ് സ്റ്റേഡിയം. 2017-ലെ സര്‍ക്കാര്‍ ബജറ്റിലാണ് പദ്ധതിക്കായി 17.04 കോടി രൂപ കിഫ്ബി വഴി വകയിരുത്തിയത്.