ഏഷ്യാനെറ്റ് ന്യൂസ് സി ഫോർ പോസ്റ്റ് പോൾ സർവേ പ്രകാരം ജില്ലയിൽ രണ്ട് മുതൽ മൂന്ന് സീറ്റ് വരെ ഇടതുമുന്നണി നേടും. ഒന്ന് മുതൽ രണ്ട് സീറ്റ് വരെ യുഡിഎഫും ഒന്ന് മുതൽ രണ്ട് സീറ്റ് വരെ ബിജെപിയും നേടും. വോട്ട് ശതമാന കണക്കിൽ മുന്നിലെത്തുക ഇടതുമുന്നണിയാണ്. 37 ശതമാനം വോട്ടാണ് ഇടതുമുന്നണി നേടുക. യുഡിഎഫിന് 35 ശതമാനവും ബിജെപിക്ക് 26 ശതമാനവും വോട്ട് ലഭിക്കും.
മഞ്ചേശ്വരം
കാസർകോട് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ ത്രികോണ പോര് നടന്ന ഏറ്റവും പ്രധാന മണ്ഡലങ്ങളിലൊന്നാണ് കാസർകോട് ജില്ലയിലെ മഞ്ചേശ്വരം. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ നൂറിൽ താഴെ വോട്ടിന് കൈവിട്ട മണ്ഡലം തിരികെ പിടിക്കാൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ തന്നെയാണ് രംഗത്തിറങ്ങിയത്. മുസ്ലിം ലീഗിന്റെ സീറ്റിൽ എകെഎം അഷ്റഫിലൂടെ മണ്ഡലം നിലനിർത്താൻ യുഡിഎഫ് ശ്രമിച്ചപ്പോൾ അട്ടിമറി വിജയപ്രതീക്ഷയിലാണ് എൽഡിഎഫ് ക്യാംപ്. വിവി രമേശനാണ് മഞ്ചേശ്വരത്തെ നയിക്കാൻ സിപിഎം മുന്നോട്ട് വെച്ച സ്ഥാനാർത്ഥി.
തെരഞ്ഞെടുപ്പ് കഴിഞ്ഞ് ആഴ്ചകൾ പിന്നിട്ടിരിക്കുന്നു. ഫലമറിയാൻ ഇനി മണിക്കൂറുകളുടെ കാത്തിരിപ്പ് മാത്രമാണ്. ഈ ഘട്ടത്തിൽ ഏഷ്യാനെറ്റ് ന്യൂസും സീ ഫോറും ചേർന്ന് നടത്തിയ പോസ്റ്റ് പോൾ സർവേയിൽ മണ്ഡലത്തിൽ നടന്നത് അതിശക്തമായ പോരാട്ടമാണെന്ന് വ്യക്തമാക്കുന്നു. മൂന്നാം സ്ഥാനത്ത് ഇടതുമുന്നണി സ്ഥാനാർത്ഥി എത്തുമെന്ന് പറയുന്നു. അതേസമയം ഒന്നാം സ്ഥാനത്തേക്ക് എകെഎം അഷ്റഫും കെ സുരേന്ദ്രനും ശക്തമായ മത്സരം കാഴ്ചവെച്ചു. എകെഎം അഷ്റഫിന് നേരിയ മുൻതൂക്കം കിട്ടിയേക്കുമെന്നും സർവേയിലൂടെ വ്യക്തമായി.
കാസർകോട്
കാസർകോട് സീറ്റിൽ യുഡിഎഫിന് വിജയം പ്രവചിച്ച് ഏഷ്യാനെറ്റ് ന്യൂസ് സീഫോർ പോസ്റ്റ് പോൾ സർവേ. കാസർകോട് സീറ്റിൽ മുസ്ലീം ലീഗിൻ്റെ എൻ.എ.നെല്ലിക്കുന്ന് വിജയം ആവർത്തിക്കും എന്നാണ് സർവേ പ്രവചിക്കും. അതേസമയം എൽഡിഎഫിനെ മറികടന്ന് കാസർകോട് സീറ്റിൽ ബിജെപി രണ്ടാം സ്ഥാനത്തേക്ക് വരാനുള്ള സാധ്യതയാണ് നിലനിൽക്കുന്നതെന്നും സർവേ പ്രവചിക്കുന്നു.
എൽഡിഎഫിനായി ഐഎൻഎല്ലിലെ എം.എ.ലത്തീഫാണ് മത്സരിക്കുന്നത്. ബിജെപിക്കായി ജില്ലാ അധ്യക്ഷൻ കെ.ശ്രീകാന്തും മത്സരിക്കുന്നു. 2016-ൽ 8000-ത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് എൻ.എ.നെല്ലിക്കുന്ന് ബിജെപിയിലെ രവീശതന്ത്രി കുണ്ടാറെ പരാജയപ്പെടുത്തി വിജയിച്ചത്. ന്യൂനപക്ഷവോട്ടുകൾ അതീവ നിർണായകമായ കാസർകോട് മണ്ഡലത്തിൽ യുഡിഎഫിന് അനുകൂലമായ ന്യൂനപക്ഷഏകീകരണമുണ്ടായിട്ടുണ്ടാവും എന്നാണ് സർവ്വേഫലത്തിൽ നിന്നും അനുമാനിക്കേണ്ടത്.
ഉദുമ
മൂന്ന് പതിറ്റാണ്ടായി മറിയാത്ത സിപിഎം കോട്ട. ഇങ്ങനെ ഒക്കെ ആണെങ്കിലും ഉദുമ ഇത്തവണ പഴയ ഉദുമല്ല. ഇഞ്ചോടിഞ്ച് മത്സരം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണാൻ മണിക്കൂറുകൾ മാത്രം അവശേഷിക്കെ ഫലം പ്രവചനാതീതം ആണെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് സി ഫോര്‍ പോസ്റ്റ് പോൾ സര്‍വെ ഫലം
2011 മുതൽ കെ കുഞ്ഞിരാമനാണ് ഉദുമയെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തുന്നത്. നിയോജക മണ്ഡലത്തിൻ്റെ മൊത്തം ചരിത്രം പരിശോധിച്ചാലും എൽഡിഎഫിനു തന്നെയാണ് മുൻതൂക്കം. എന്നാൽ കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച രാജ് മോഹൻ ഉണ്ണിത്താൻ ഉദുമയിൽ മാത്രം നേടിയത് 9000 വോട്ടിന്റെ ലീഡ്. മികച്ച സ്ഥാനാർത്ഥിയെ നിര്‍ത്തി മത്സരം കടുപ്പിക്കാനുള്ള യുഡിഎഫ് തീരുമാനത്തിൽ നറുക്ക് വീണത് ബാലകൃഷ്ണൻ പെരിയക്ക്. ഇടതുമുന്നണിക്ക് വേണ്ടി സിഎച്ച് കുഞ്ഞമ്പു കളത്തിലിറങ്ങി. എ വേലായുധന് ബിജെപിക്ക് വേണ്ടി വോട്ട് തേടി.
മണ്ഡലത്തിന്റെ വികസന പ്രശ്നങ്ങളും വ്യക്തി ബന്ധങ്ങളും രാഷ്ട്രീയവും എല്ലാം ചര്‍ച്ചയായ തെരഞ്ഞെടുപ്പിൽ പക്ഷെ ഇടത് മുന്നണി നിലനിര്‍ത്തുമെന്ന് തീര്‍ത്ത് പറയാൻ പറ്റാത്ത വിധത്തിലാണ് ജനവിധിയെന്നാണ് സര്‍വെ പറയുന്നത്. എൽഡിഎഫും യുഡിഎഫും തമ്മിൽ കടുത്ത മത്സരം . ഫലം ആര്‍ക്കും അനുകൂലമാകുമെന്ന പ്രവചനം അതുകൊണ്ടു തന്നെ അസാധ്യമെന്ന വിലയിരുത്തലാണ് ഈ ഘട്ടത്തിൽ ഉള്ളത്. 3832 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കഴിഞ്ഞ തവണ എൽഡിഎഫിന് വേണ്ടി മത്സരിച്ച കെ കുഞ്ഞിരാമൻ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന കെ സുധാകരനെ തോൽപ്പിച്ചത്. 21231 വോട്ട് അന്ന് ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന കെ ശ്രീകാന്തിനും കിട്ടിയിരുന്നു.
കാഞ്ഞങ്ങാട്
കാഞ്ഞങ്ങാട് ചന്ദ്രശേഖരന് മുൻതൂക്കം
തൃക്കരിപ്പൂർ
തൃക്കരിപ്പൂർ നിയോജക മണ്ഡലത്തിൽ ഇത്തവണയും വിജയസാധ്യത എൽഡിഎഫിനെന്ന് ഏഷ്യാനെറ്റ് ന്യൂസ് സീ ഫോര്‍ പോസ്റ്റ് പോള്‍ സര്‍വ്വേ ഫലം. രണ്ടാമൂഴത്തിനിറങ്ങിയ എം രാജഗോപാലൻ വിജയക്കൊടി പാറിക്കുമെന്ന് സർവേ ഫലം സൂചന നൽകുന്നു.
കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്റെ എംപി ജോസഫാണ് ഇവിടെ യുഡിഎഫ് സ്ഥാനാർത്ഥി. കെ എം മാണിയുടെ മരുകൻ കൂടിയായ അദ്ദേഹം പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെച്ചില്ലെന്നാണ് സർവേഫലം സൂചിപ്പിക്കുന്നത്. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് പോളിംഗ് ശതമാനം കുറഞ്ഞ മണ്ഡലങ്ങളിലൊന്നായിരുന്നു സിപിഎം ശക്തി കേന്ദ്രമായ തൃക്കരിപ്പൂർ.
ഇതുവരെയും സിപിഎമ്മിനെ മാത്രം വിജയിപ്പിച്ച മണ്ഡലം ഇത്തവണ യുഡിഎഫിനൊപ്പം നിൽക്കുമോ എന്നായിരുന്നു ചർച്ചയായത്. എന്നാൽ കെ.എം മാണിയുടെ മരുമകനും മുൻ ഐഎഎസ് ഉദ്യോഗസ്ഥനുമായ യുഡിഎഫ് സ്ഥാനാർത്ഥി എംപി ജോസഫ്, എം രാജഗോപാലിന് പറ്റിയ എതിരാളിയല്ലെന്നായിരുന്നു യുഡിഎഫ് കേന്ദ്രങ്ങളിൽ നിന്നും പോലും ഉയർന്ന വാദം. കേരളാ കോൺഗ്രസിന് സംഘടനാ ശേഷി നന്നേ കുറഞ്ഞ മണ്ഡലം കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് വിട്ടു കൊടുത്തത് കോൺഗ്രസിലും വലിയ പൊട്ടിത്തെറികൾക്ക് കാരണമായി. ഇതടക്കം യുഡിഎഫിന് തിരിച്ചടിയാകുമെന്നാണ് സർവേ വിലയിരുത്തൽ.
16,000 ത്തിൽ അധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എം.രാജഗോപാലൻ കഴിഞ്ഞ തവണ ജയിച്ചത്. 79286 വോട്ടുകൾ അദ്ദേഹം നേടിയപ്പോൾ, കോൺഗ്രസ് സ്ഥാനാർത്ഥി കെപി കുഞ്ഞിക്കണ്ണൻ 62327 വോട്ടുകൾ നേടി. എന്നാൽ അതിന് ശേഷമുണ്ടായ ലോക്സഭ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിന്റെ ചരിത്രത്തിലാദ്യമായി എൽഡിഎഫ് ലീഡ് രണ്ടായിരത്തിനും താഴേക്ക് പോയതിലാണ് യുഡിഎഫ് പ്രതീക്ഷ വെച്ചത്. ടിവി ഷിബിനാണ് മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥി. പരമാവാധി വോട്ട് പിടിക്കാനുള്ള ശ്രമമാണ് എൻഡിഎ സ്ഥാനാർത്ഥി ഷിബിൻ നടത്തിയത്.