തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്കൂട്ടം കൂടിയിരിക്കരുത്, ആഹ്ളാദപ്രകടനം വേണ്ട; മുന്നറിയിപ്പുമായി
പിണറായി
തിരുവനന്തപുരം: കൊവിഡ് രണ്ടാം തരംഗത്തില്‍ രോഗികളുടെ എണ്ണം വ്യാപകമായി വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് ഫലം വരുന്ന അന്നത്തെ ആഘോഷങ്ങള്‍ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കൊവിഡ് രോഗികള്‍ വലിയ രീതിയില്‍ വര്‍ദ്ധിക്കുന്ന ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് വിജയത്തിന്റെ പേരില്‍ ആഹ്ളാദപ്രകടനങ്ങള്‍ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.
ഫലപ്രഖ്യാപനത്തിന് ഇനി അധിക ദിവസമില്ല. ആ ദിവസം വളരെ ഉത്തരവാദിത്വത്തോടെ പെരുമാറാന്‍ എല്ലാവരും തയ്യാറാകണം. എവിടെയെങ്കിലും കൂട്ടം കൂടി ഇരിക്കാതെ വീടുകളിലിരുന്ന് ഫലപ്രഖ്യാപനം അറിയണം. ഫലപ്രഖ്യാപനത്തിന് ശേഷം ആഹ്ളാദ പ്രകടനങ്ങളുമായി പൊതു സ്ഥലങ്ങളില്‍ ആള്‍കൂട്ടം സൃഷ്ടിക്കുന്ന അവസ്ഥ ഉണ്ടാകരുത്. രോഗവ്യാപനം വര്‍ദ്ധിപ്പിക്കാനുള്ള കാരണമായി മാറരുത്, ഇക്കാര്യം സര്‍വ്വകക്ഷി യോഗത്തില്‍ തീരുമാനമായതാണ്. ഒന്നുകൂടി ഓര്‍മിപ്പിക്കുകയാണ്- പിണറായി പറഞ്ഞു.
സാമൂഹ്യ അകലം പാലിക്കാതിരിക്കുന്നതും ആളുകളുമായി അടുത്തിടപെടുന്നതും കൊവിഡ് വ്യാപനം വര്‍ദ്ധിപ്പിക്കും. അടുത്ത സമ്പര്‍ക്കത്തിലൂടെ അല്ലാതെയും കൊവിഡ് വേഗത്തില്‍ വ്യാപിക്കുന്നുണ്ട്. മുമ്പ് കരുതിയിരുന്നത് വളരെ അടുത്ത ഇടപെടലിലൂടെ മാത്രമേ കൊവിഡ് പടരുകയൊള്ളൂ എന്നാണ്. ജനിതിക വ്യതിയാനം സംഭവിച്ച വൈറസ് മാസ്ക് ധരിക്കാതെ ഒരു മുറിക്കുള്ളില്‍ ഇരുന്നാല്‍തന്നെ പടരാന്‍ എളുപ്പമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.