കൊവിഡ് വാക്സിനെതിരെ വ്യാജ പ്രചാരണം നടത്തിയെന്ന പരാതി; നടൻ മൻസൂർ അലി ഖാന് രണ്ട് ലക്ഷം രൂപ പിഴ ശിക്ഷ വിധിച്ച് ഹൈക്കോടതി
ചെന്നൈ: കൊവിഡ് വാക്സിൻ കാരണമാണ് നടൻ വിവേകിന് ഹൃദയാഘാതമുണ്ടായി മരണമടഞ്ഞതെന്ന പരാമർശം നടത്തിയ തമിഴ് നടൻ മൻസൂർ അലി ഖാന് പിഴ ശിക്ഷ വിധിച്ച് മദ്രാസ് ഹൈക്കോടതി. കൊവിഷീൽഡ് വാക്സിൻ വാങ്ങുന്നതിനായി തമിഴ്നാട് ആരോഗ്യവകുപ്പിൽ രണ്ട് ലക്ഷം രൂപ അടയ്ക്കാനും മുൻകൂർ ജാമ്യം അനുവദിക്കാൻ മൻസൂർ സമർപ്പിച്ച ഹർജി അനുവദിച്ച് ഹൈക്കോടതി പറഞ്ഞു.വാക്സിനെടുത്തതാണ് വിവേക് മരണമടയാൻ കാരണമെന്നായിരുന്നു മൻസൂർ അലി ഖാന്റെ ആരോപണം.ഇതിനെതിരെ ബിജെപിനേതാവായ രാജശേഖരൻ ചെന്നൈ പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയിരുന്നു. തുടർന്ന് വടപളനി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് മൻസൂറിന് മുൻകൂർ ജാമ്യം ലഭിച്ചത്. താൻ വാക്സിൻ നിർബന്ധപൂർവം എടുപ്പിക്കുന്നതിനെയാണ് വിമർശിച്ചതെന്നും വാക്സിനെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്നുമായിരുന്നു ജാമ്യത്തിനായി സമർപ്പിച്ച അപേക്ഷയിൽ മൻസൂർ അലി ഖാൻ വ്യക്തമാക്കിയത്. കൊവിഡ് എന്നൊന്നില്ലെന്നും എന്തിനാണ് നിർബന്ധിച്ച് വാക്സിനെടുപ്പിക്കുന്നത് എന്നുമായിരുന്നു വിവേകിന്റെ മരണത്തെ തുടർന്ന് മൻസൂർ അലി ഖാൻ പ്രതികരിച്ചത്.