പുതിയ 4000 ലധികം കോച്ചുകൾ ഐസലേഷൻ വാർഡാക്കി റെയിൽവേ
പാലക്കാട്: കോവിഡ് വ്യാപനം ഗുരുതരമായതിനെ തുടർന്ന് രോഗികളെ കിടത്തി ചികിത്സിക്കാൻ 4000 ലധികം കോച്ചുകൾ ഐസലേഷൻ വാർഡുകളാക്കി മാറ്റി റെയിൽവേയും രംഗത്ത്. ആശുപത്രികളിൽ കിടക്കയും അനുബന്ധ സൗകര്യങ്ങളുമില്ലാതെ രോഗികൾ മരിക്കുകയും ചികിത്സ നിഷേധിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് റെയിൽവേയുടെ അടിയന്തര നടപടി.
യുദ്ധകാല അടിസ്ഥാനത്തിലാണ് നടപടി പൂർത്തിയാക്കുന്നത്.
സംസ്ഥാന സർക്കാരുകൾ ആവശ്യപ്പെടുന്ന മുറയ്ക്ക് ഐസലേഷൻ വാർഡുകൾ തയാറാക്കാൻ ഒരുങ്ങി നിൽക്കാനും 16 സോണുകൾക്കും റെയിൽവേ മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്.
ദക്ഷിണ റെയിൽവേയുടെ കീഴിലുള്ള ഡിവിഷനുകളിൽ കഴിഞ്ഞ വർഷം നിർമിച്ച 299 ഐസലേഷൻ വാർഡുകൾ നിലവിലുണ്ട്. കൂടാതെയാണ് പുതിയവ നിർമിക്കാനുള്ള തീരുമാനം. ഒരു കോച്ചിൽ 16 കിടക്കകൾ എന്ന തോതിലാണ് ഒരുക്കുന്നത്.
മൂന്ന് ശുചിമുറിയിൽ ഒരെണ്ണം വെസ്റ്റേൺ രീതിയിലും രണ്ടെണ്ണം ഇന്ത്യനുമാണ്. ബക്കറ്റ്, കപ്പ്, മറ്റു അവശ്യ വസ്തുക്കളും ഇവിടെയുണ്ടാകും, കൂടാതെ കോച്ചുകൾക്കിടയിൽ ജൈവശുചിമുറിയും സ്ഥാപിക്കുന്നുണ്ട്.