കോവിഡ് ആശുപത്രിക്ക് 100 ഫാനുകൾ നൽകി ദമ്പതികൾ ; പേരുപോലും വെളിപ്പെടുത്തരുതെന്നു നിർബന്ധം
കോയമ്പത്തൂർ: ലോകം മുഴുവൻ കോറോണയുടെ പിടിയിൽ അമരുമ്പോൾ പരസ്പരം സഹായിക്കാനുള്ള മനുഷ്യന്റെ മനസ്സു കൊണ്ടാണ് ഈ മഹാമാരിയെ ലോകം തരണം ചെയ്യുന്നത്. അത്തരത്തിൽ ഒരു സംഭവമാണ് കോയമ്പത്തൂരിലെ ഒരു ആശുപത്രിയിൽ ഉണ്ടായത്.
സിങ്കാനല്ലൂരിലെ സർക്കാർ മെഡിക്കൽ കോളജ് ആൻഡ് ഇഎസ്ഐ ആശുപത്രിയിൽ 650ൽ അധികം കോവിഡ് രോഗികൾ ചികിത്സയിലുണ്ട്. പൂർണമായി ശീതീകരിച്ച ആശുപത്രിയാണെങ്കിലും കോവിഡ് ചികിത്സ കേന്ദ്രമായതിനാൽ എസി ഉപയോഗിക്കാനുമാകില്ല. രോഗികൾ ഈ ചൂടിൽ വലയുകയാണ്. സർക്കാരിനോട് സഹായം ചോദിച്ചപ്പോൾ കിട്ടിയ 300 ഫാനുകൾ ഇവിടെ തികയുന്നുമില്ല.
ഈ വിവരമറിഞ്ഞ നഗരത്തിലെ മലപ്പുറം സ്വദേശികളായ വ്യാപാരി ദമ്പതികൾ കഴിഞ്ഞ ചൊവ്വാഴ്ച ആശുപത്രിയിൽ എത്തിച്ചത് 100 ഫാനുകളാണ്. വിവരമറിഞ്ഞ ആശുപത്രി ഡീൻ എം.രവീന്ദ്രൻ നാലോ അഞ്ചോ ഫാനുകൾ മതിയെന്നു പറഞ്ഞെങ്കിലും ദമ്പതികൾ വഴങ്ങിയില്ല. ഒടുവിൽ ഡീൻ കലക്ടർ എസ്.നാഗരാജനുമായി ബന്ധപ്പെട്ടു. തുടർന്ന് ഫാനുകൾ ആശുപത്രിക്ക് കൈമാറി.
ആഭരണങ്ങൾ പണയംവച്ചു കിട്ടിയ 2,20,000 രൂപ ഉപയോഗിച്ചാണു ദമ്പതികൾ ഫാനുകൾ വാങ്ങിയത്. എന്നാൽ പേരോ മറ്റു വിവരങ്ങളൊക്കെ ആരുമായും പങ്കു വെക്കരുതെന്നു ഇവർ പറഞ്ഞു.