ചെറിയാൻ ഫിലിപ്പ് പോകുന്നെങ്കിൽ പോകട്ടെ; രാജ്യസഭാ സീറ്റ് കൊടുക്കാത്തതിന് കാരണമുണ്ടെന്ന് സിപിഎം
വാർത്തയുമായി കേരള കൗമുദി
തിരുവനന്തപുരം: രാജ്യസഭ സീറ്റ് കിട്ടാത്തതിന്റെ പേരിൽ ഇടഞ്ഞുനിൽക്കുന്ന ചെറിയാൻ ഫിലിപ്പിനെ ഒരു പരിധിയ്ക്ക് അപ്പുറം അനുനയിപ്പിക്കാൻ ശ്രമിക്കേണ്ടെന്ന് സി പി എം നേതാക്കൾക്കിടയിൽ ധാരണ. രണ്ട് പതിറ്റാണ്ട് രാഷ്ട്രീയ അഭയം നൽകിയ ഇടതുമുന്നണി വിട്ട് യു ഡി എഫ് പാളയത്തിലേക്ക് ചെറിയാൻ ചേക്കേറില്ലെന്നാണ് മുഖ്യമന്ത്രി അടക്കമുളള നേതാക്കൾ ഉറച്ച് വിശ്വസിക്കുന്നത്. ഇതിന് വിപരീതമായ നീക്കം ഉണ്ടായാൽ ചെറിയാനെ തടയേണ്ടയെന്നാണ് പാർട്ടി തീരുമാനം.ജനസ്വാധീനമുളള നേതാവായി ചെറിയാൻ ഫിലിപ്പിനെ പാർട്ടി കണക്കാക്കുന്നില്ല. നിലവിലെ സർക്കാരിന്റെ കാലത്ത് അടക്കം നിരവധി അവസരങ്ങളാണ് ചെറിയാന് പാർട്ടി നൽകിയതെന്ന് നേതാക്കൾ പറയുന്നു. മൂന്ന് തവണ നിയമസഭാ സീറ്റ് നൽകിയ പാർട്ടി കെ ടി ഡി സി ചെയർമാൻ സ്ഥാനം അടക്കം നൽകിയിട്ടുണ്ട്. തന്റെ നിലപാടുകൾ തുറന്നുപറയാൻ പാർട്ടി ചാനലിലടക്കം വലിയ പ്ലാറ്റ്ഫോം ചെറിയാന് തുറന്നുകൊടുത്തതായും ഒരു മുതിർന്ന സി പി എം നേതാവ് ഫ്ളാഷിനോട് പറഞ്ഞു. ഇത് സാധാരണ പാർട്ടി നേതാവിന് കിട്ടുന്നതിനെക്കാൾ അപ്പുറം അവസരങ്ങളാണെന്നും ദിവസവും ഒരു ഫേസ്ബുക്ക് കുറിപ്പെഴുതി പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന ചെറിയാന്റെ ശൈലി കേഡർ പാർട്ടിയ്ക്ക് ചേർന്ന രീതിയല്ലെന്നും അദ്ദേഹം പറയുന്നു.ചെറിയാൻ ഫിലിപ്പിനെ ഒഴിവാക്കാൻ വ്യക്തമായ കാരണമാണ് സി പി എം നേതാക്കൾ പറയുന്നത്. ഇക്കാര്യം ചെറിയാൻ ഫിലിപ്പിനെ നേതാക്കൾ ബോദ്ധ്യപ്പെടുത്തിയിട്ടുണ്ട്. സി പി എമ്മിന്റെ രാജ്യസഭയിലെ ഗ്രൂപ്പിന്റെ നിലനിൽപ്പുമായി ബന്ധപ്പെട്ടതാണ് അത്. എളമരം കരീം, കെ സോമപ്രസാദ്, കെ കെ രാഗേഷ്, ബികാഷ് രഞ്ജൻ ഭട്ടാചാര്യ(ബംഗാൾ), ജർണാ ദാസ് വൈദ്യ (ത്രിപുര) എന്നിവർ അടങ്ങുന്നതാണ് രാജ്യസഭയിലെ സി പി എം ഗ്രൂപ്പ്.ഒരു പാർട്ടിയിൽ നിന്നും അഞ്ച് അംഗങ്ങൾ ഉണ്ടെങ്കിൽ മാത്രമേ രാജ്യസഭയിൽ ഗ്രൂപ്പായി അംഗീകരിക്കുകയുളളൂ. ഇല്ലെങ്കിൽ മറ്റുളളവർ എന്ന കൂട്ടത്തിൽ മാത്രമായിരിക്കും ഇവരെ പരിഗണിക്കുക. പാർലമെന്റിൽ ഏറ്റവും സജീവവും കാര്യക്ഷമവുമായ ഇടപെടലിന് ഗ്രൂപ്പ് വേണം എന്നത് പ്രധാനപ്പെട്ട കാര്യമാണ്.ഗ്രൂപ്പ് ഉണ്ടായാൽ അതിന് ഒരു ലീഡർ ഉണ്ടാവും. ഇദ്ദേഹമാണ് ബിസിനസ് അഡ്വൈസറി കമ്മിറ്റിയിൽ അംഗമാവുക. ബംഗാളിലേയും ത്രിപുരയിലേയും തിരിച്ചടിയാണ് രാജ്യസഭയിലും സി പി എമ്മിന് തിരിച്ചടിയായത്. ഗ്രൂപ്പ് ലീഡറായിരുന്ന തമിഴ്നാട്ടിൽ നിന്നുളള ടി.കെ.രംഗരാജന്റെ കാലാവധി കഴിഞ്ഞ വർഷം അവസാനിച്ചു. ഇപ്പോൾ എളമരം കരീമാണ് ഗ്രൂപ്പ് ലീഡർ.രംഗരാജൻ ഒഴിഞ്ഞതിന് പിന്നാലെ ബംഗാളിൽ നിന്നും ബികാഷ് രഞ്ജൻ ഭട്ടാചാര്യയെ സഭയിൽ എത്തിക്കാൻ കഴിഞ്ഞതുകൊണ്ടാണ് സി പി എമ്മിന് ഗ്രൂപ്പ് നിലനിർത്താൻ സാധിച്ചത്. എന്നാൽ ഇപ്പോൾ കാലാവധി കഴിഞ്ഞ കെ കെ രാഗേഷിന് പുറമെ ത്രിപുരയിൽ നിന്നുളള ജർണാ ദാസ് വൈദ്യയുടെ കാലാവധിയും മാസങ്ങൾക്കകം അവസാനിക്കും.നിലവിലെ അംഗബലം അനുസരിച്ച് ത്രിപുരയിൽ നിന്നും ഒരാളെ സഭയിൽ എത്തിക്കാൻ സാധിക്കില്ല. ഇപ്പോൾ തിരഞ്ഞെടുപ്പ് നടന്നില്ലെങ്കിൽ തുടർഭരണം ലഭിക്കാതെ സി പി എമ്മിന് രാജ്യസഭയിൽ തങ്ങളുടെ ഗ്രൂപ്പ് നിലനിർത്താൻ സാധിക്കില്ലായിരുന്നു. ഈ പ്രതിസന്ധി ഒഴിവാക്കുന്നതിന് വേണ്ടിയാണ് കേരളത്തിൽ ഇടതുമുന്നണിക്ക് ജയിപ്പിക്കാവുന്ന രണ്ടുസീറ്റുകളും സി പി എം തന്നെ എടുക്കാൻ തീരുമാനിച്ചത്.രാജ്യസഭയിലെ സി പി എം ഗ്രൂപ്പ് ഇല്ലാതാക്കുന്നതിന് വേണ്ടി ബി ജെ പി ഇടപെട്ടാണ് രാജ്യസഭ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കാൻ നീക്കം നടത്തിയതെന്ന സംശയം ഇടതുനേതാക്കൾക്കുണ്ട്. നിലവിലെ നിയമസഭയുടെ കാലത്തുതന്നെ രാജ്യസഭ തിരഞ്ഞെടുപ്പ് നടത്താൻ സി പി എം നിയമപോരാട്ടം നടത്തിയതും അതുകൊണ്ടാണ്. ഇതോടെയാണ് സ്വതന്ത്രനായി ചെറിയാൻ ഫിലിപ്പിനെ രാജ്യസഭയിലേക്ക് അയക്കാനുളള വഴി അടഞ്ഞത്.ഇക്കാര്യം സി പി എം ആദ്യം ബോദ്ധ്യപ്പെടുത്തിയത് സി പി ഐയെ ആണ്. മൂന്ന് തവണ നിയമസഭയിലേക്ക് മത്സരിച്ചപ്പോഴും സ്വതന്ത്ര ചിഹ്നത്തിലായിരുന്നു ചെറിയാൻ ജനവിധി തേടിയത്. രാജ്യത്തെ പാർലമെന്റിലെ ഏക ഇടതുപക്ഷ ഗ്രൂപ്പ് നിലനിർത്തേണ്ടതിന്റെ ആവശ്യകത സി പി എം ആദ്യം ബോദ്ധ്യപ്പെടുത്തിയത് സി പി ഐയെ ആണ്. കാനം രാജേന്ദ്രൻ മുൻകൈയെടുത്താണ് സീറ്റ് ആവശ്യപ്പെട്ട എൻ സി പി, ജെ ഡി എസ് നേതാക്കളെ ഇക്കാര്യം ബോദ്ധിപ്പിച്ചത്. ഇതോടെയാണ് പി സി ചാക്കോയ്ക്ക് വേണ്ടി സീറ്റ് ആവശ്യപ്പെട്ട എൻ സി പി തങ്ങളുടെ ആവശ്യത്തിൽ നിന്ന് പിന്മാറിയത്.