മലപ്പുറം ഡി.സി.സി. പ്രസിഡന്റുംനിലമ്പൂരിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥിയുമായ വി.വി. പ്രകാശ് അന്തരിച്ചു
മലപ്പുറം: നിലമ്പൂരിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി വി.വി പ്രകാശ്(56) അന്തരിച്ചു. മലപ്പുറം ഡി.സി.സി. പ്രസിഡന്റ് കൂടിയായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. മഞ്ചേരി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഇന്ന് പുലര്‍ച്ചെയാണ് അന്ത്യം. രാത്രി ഹൃദയാഘാതത്തെ തുടര്‍ന്ന് എടക്കരയിലെ വീട്ടില്‍നിന്ന് എടക്കരയില്‍ തന്നെയുള്ള ആശുപത്രിയിലെത്തിച്ചു. സ്ഥിതി ഗുരുതരമായതിനെത്തുടര്‍ന്ന് മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
നിലമ്പൂരില്‍ നഷ്ടപ്പെട്ട സീറ്റ് വി.വി പ്രകാശിലൂടെ തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലായിരുന്നു കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍. തിരഞ്ഞെടുപ്പ് ഫലം വരാന്‍ രണ്ട് ദിവസം മാത്രം ബാക്കിനില്‍ക്കെയാണ് അന്ത്യം.
കര്‍ഷകനായിരുന്ന കുന്നുമ്മല്‍ കൃഷ്ണന് നായര്‍ സരോജിനി അമ്മ ദമ്പതികളുടെ മകനായി എടക്കരയിലാണ് വി. വി പ്രകാശിന്റെ ജനനം.
ഹൈസ്കൂള്‍ പഠനകാലത്തു തന്നെ കെ എസ്.യു പ്രവര്‍ത്തകനായ വി. വി പ്രകാശ് ഏറനാട് താലൂക്ക് ജനറല്‍ സെക്രട്ടറി, മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി, ജില്ലാ പ്രസിഡന്റ് കെഎസ്യു, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്.