യു പിയിലെ ഞെട്ടിക്കുന്ന കാഴ്ച, കൊവിഡ് ഭീതിയിൽ ശ്മശാനത്തിൽ പ്രവേശിപ്പിച്ചില്ല, ഭാര്യയുടെ മൃതദേഹം സൈക്കിളിൽ വച്ച് ഗ്രാമം മുഴുവൻ അലഞ്ഞ് വൃദ്ധൻ
ലക്നൗ : ഉത്തർപ്രദേശിലെ ജൗൻപൂരിൽ വൃദ്ധൻ ഭാര്യയുടെ മൃതദേഹവുമായിസൈക്കിളിൽ പോവുന്ന ഫോട്ടോ സമൂഹമാദ്ധ്യമങ്ങളിലടക്കം വൈറലാവുന്നു. ഏറെ നാളായി രോഗബാധിതയായിരുന്നു അമ്പതുകാരിയായ ഭാര്യയെ രോഗം മൂർച്ഛിച്ചതിനെ തുടർന്നാണ് തിലക്ധാരി സിംഗെന്നയാൾ ആശുപത്രിയിൽ കൊണ്ടുപോയത്. ഏറെ കഴിയുന്നതിന് മുൻപേ സ്ത്രീ മരണപ്പെടുകയും ആംബുലൻസിൽ വീട്ടിൽ കൊണ്ടുവരികയുമായിരുന്നു. എന്നാൽ കൊവിഡ് ഭീതി മൂലം ഇയാളുടെ വീട്ടിലേക്ക് പ്രവേശിക്കാൻ ഗ്രാമവാസികളാരും തന്നെ തയ്യാറായില്ല, ശവസംസ്കാരത്തിനും ഇവരാരും മുൻകൈ എടുക്കാത്തതിനാൽ, മൃതദേഹം തിലക്ധാരി സിംഗ് ഒറ്റയ്ക്ക് സൈക്കിളിൽ കെട്ടിവച്ച് ശ്മശാനത്തിലേക്ക് കൊണ്ടുപോവുകയായിരുന്നു. എന്നാൽ കൊവിഡിനെ ഭയന്ന ജനം ശവസംസ്കാരം നടത്തുവാനും അനുവദിച്ചില്ല. തുടർന്ന് പ്രായമായ ഇയാൾ ഭാര്യയെ സൈക്കിളിൽ കയറ്റി മണിക്കൂറുകളോളം സ്ഥലത്ത് ചുറ്റി സഞ്ചരിക്കുകയായിരുന്നു.
ഭാര്യയുടെ മൃതദേഹത്തെ റോഡിൽ കിടത്തിയശേഷം അതിന് അരുകിലിരിക്കുന്ന ഭർത്താവിന്റെ ചിത്രം സമൂഹമാദ്ധ്യമങ്ങളിലടക്കം വൈറലായി. തുടർന്ന് സംഭവമറിഞ്ഞ് പൊലീസെത്തി ചൊവ്വാഴ്ച രാംഘട്ടിൽ അന്ത്യകർമങ്ങൾ നടത്തുകയായിരുന്നു. അതേസമയം മരണപ്പെട്ട സ്ത്രീ കൊവിഡ് പോസിറ്റീവ് ആയിരുന്നോ എന്ന് ഭരണകൂടം സ്ഥിരീകരിച്ചിട്ടില്ല.