സിദ്ധിഖ് കാപ്പന് കൊവിഡ് മുക്തനായി,മഥുര ജയിലേക്ക് മാറ്റി യുപി സര്‍ക്കാര്‍
ലക്നൗ: ഉത്തര്‍പ്രദേശിലെ ജയിലില്‍ കഴിയുന്ന മാധ്യമപ്രവര്ത്തകന് സിദ്ദിഖ് കാപ്പനെ എയിംസ് ആശുപത്രിയിലേക്ക് മാറ്റുന്നത് തടയാന്‍ അതിവേഗ നീക്കവുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. കാപ്പനെ മധുര ജയിലിലേക്ക് മാറ്റി. കാപ്പന്റെ ആരോഗ്യ നിലയെ സംബന്ധിച്ച റിപ്പോര്‍ട്ട് യുപി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്കി.
കാപ്പന് കൊവിഡ് മുക്തനായെന്ന് യുപി സര്‍ക്കാര്‍ വ്യക്തമാക്കി. അതേസമയം കാപ്പന് മുറിവേറ്റിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജയിലില്‍ കഴിയുന്ന കാപ്പന് കൊവിഡ് ബാധിച്ചിരുന്നുവെന്നും ചികിത്സ നിഷേധിക്കപ്പെട്ടുവെന്നുമുള്ള വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ കാപ്പനെ ദില്ലിയിലെ എയിംസ് ആശുപത്രിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പത്രപ്രവര്‍ത്തക യൂണിയന് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജി പരിഗണിക്കാനിരിക്കെയാണ് യുപിയുടെ റിപ്പോര്‍ട്ട്.
യുപി സര്‍ക്കാരിന്റെ സ്പെഷ്യല്‍ സെക്രട്ടറി പ്രശാന്ത് കുമാര്‍ ആണ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. കാപ്പനെ ജയിലിലോ ആശുപത്രിയിലോ ചങ്ങലക്കിട്ടിരുന്നുവെന്ന ആരോപണം യുപി സര്‍ക്കാര്‍ നിഷേധിച്ചു. മാത്രമല്ല, പത്രപ്രവര്‍ത്തക യൂണിയന് നല്കിയ ഹര്‍ജിയെ റിപ്പോര്‍ട്ട് ചോദ്യം ചെയ്യുന്നു. യുപിയിലേക്ക് കാപ്പന് പോയത് ഏത് സംഘടനയ്ക്ക് വേണ്ടിയാണോ അവര്‍ക്കായുള്ള നിഴല്‍ യുദ്ധമാണ് പത്രപ്രവര്‍ത്തക യൂണിയന് നടത്തുന്നതെന്നും യുപി സര്‍ക്കാര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്നലെ രാത്രിയാണ് സിദ്ധിഖ് കാപ്പനെ ആശുപത്രിയില്‍ നിന്ന് മധുര ജയിലിലേക്ക് കൊണ്ടുപോയത്.