തിരുവനന്തപുരം: വാളയാറില്‍ പീഡനത്തിനിരയായ സഹോദരിമാര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിപക്ഷം നല്കിയ അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് സഭയില്‍ പ്രതിപക്ഷ ബഹളം. വി.ടി ബല്‍റാമാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
പാലക്കാട് ശിശുക്ഷേമ സമിതി മുന്‍ ചെയര്മാന് പ്രതികള്‍ക്ക് വേണ്ടി ഹാജരായെന്നതും കേസ് അട്ടിമറിക്കാന്‍ ശ്രമങ്ങള്‍ നടത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്. എന്നാല്‍ ഒരേ വിഷയത്തില്‍ വീണ്ടും അടിയന്തരപ്രമേയത്തിന് അനുമതി നല്‍കാനാവില്ലെന്ന് സ്പീക്കര്‍ അറിയിച്ചു. തുടര്‍ന്ന് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം വെച്ചു.
മറ്റ് പല വിഷയങ്ങളും ഒന്നില്‍ കൂടുതല്‍ തവണ സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്തിട്ടുള്ളതാണ്. വാളയാര്‍ കേസിലെ അട്ടിമറികള്‍ ദിനംപ്രതി പുറത്തുവരുന്ന സാഹചര്യത്തില്‍ വിഷയം അടിയന്തരമായി ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ശൂന്യവേളയില്‍ വിടി ബല്‍റാമിന് വിഷയം ഉന്നയിക്കാമെന്ന് സപീക്കര്‍ അറിച്ചു. എന്നാല്‍ സഭ നിര്‍ത്തിവെച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. സ്പീക്കര്‍ അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷാംഗങ്ങള്‍ സഭയില്‍ നിന്നും ഇറങ്ങിേപ്പായി.