കോവിഡ് പ്രതിരോധത്തിൽ കേരള മാതൃകക്ക് പൊന്നിൻ തിളക്കമാണ് സംസ്ഥാനത്തെ പുകഴ്ത്തി ബോളിവുഡ് നടി റിച്ച ഛദ്ദ
മുംബൈ :കൊവിഡ് പ്രതിരോധത്തിൽ കേരളം മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാണെന്ന് ബോളിവുഡ് നടി റിച്ച ഛദ്ദ. തന്റെ ട്വിറ്റർ ഹാൻഡിൽ വഴിയാണ് റിച്ച ഇക്കാര്യം പറഞ്ഞത്. ആദ്യഘട്ടം മുതൽക്ക് തന്നെ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാക്കാൻ കഴിയുന്ന രീതിയിലാണ് കേരളവും സംസ്ഥാന സർക്കാരും പ്രവർത്തിച്ചതെന്നും നടി ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യത്തിൽ വിവരവും വിദ്യാഭ്യാസവും ഇല്ലാത്തവർ പറയുന്ന കാര്യങ്ങൾക്ക് ചെവികൊടുക്കേണ്ടതില്ലെന്നും നടി അഭിപ്രായപ്പെട്ടു.നടിയുടെ ട്വീറ്റ് ചുവടെ:’കേരളമാണ് ഉത്തമ മാതൃക(…ഈസ് ഗോൾസ്)… വിവരവും വിദ്യാഭ്യാസവുമില്ലാത്ത ദുഷ്പ്രചാരകരിൽ നിന്നും നിങ്ങൾ എന്തുതന്നെ കേട്ടാലും.-അവർ കഴിഞ്ഞ വർഷം എല്ലാവർക്കും ഭക്ഷണപൊതികൾ നൽകിയിരുന്നു.
-കൊവിഡ് വ്യാപനത്തിന്റെ തോത് കുറച്ചുകൊണ്ടുവന്നു.
-മറ്റുള്ളവരെക്കാൾ മുമ്പേതന്നെ സ്വന്തം കാലിൽ നിൽക്കാൻ അവർക്ക് സാധിച്ചു.
-മതപരമായ ചടങ്ങുകൾക്കായുള്ള വൻ ജനക്കൂട്ടങ്ങൾ അവർ വേണ്ടന്നുവച്ചു.
-പ്രതിപക്ഷവുമായി കൂടിയായാലോചന നടത്തി.’
കേരളത്തിന്റെ കൊവിഡ് പ്രതിരോധത്തെ പ്രകീർത്തിച്ചുകൊണ്ടുള്ള ഒരു ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ടാണ് റിച്ച ഇക്കാര്യങ്ങൾ പറഞ്ഞത്. കന്നട നടനായ ചേതൻ കുമാറും സംസ്ഥാന സർക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും പ്രകീർത്തിച്ചുകൊണ്ട് രംഗത്തുവന്നിരുന്നു.2020ലെ കൊവിഡ് സാഹചര്യത്തിൽ നിന്നും പാഠങ്ങൾ പഠിച്ചുകൊണ്ട് കേരളം ഓക്സിജൻ ഉത്പാദനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചുവെന്നും ഓക്സിജൻ പ്ലാന്റുകൾക്കായി സംസ്ഥാനം പണം ചിലവഴിച്ചുവെന്നുമാണ് ചേതൻ അഭിപ്രായപ്പെട്ടത്. കേരളമാണ് റോൾ മോഡലെന്നും കർണാടക, ഗോവ, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങൾക്ക് കേരളം ഇപ്പോൾ ഓക്സിജൻ നൽകുന്നുണ്ടെന്നും ചേതൻ കുമാർ പറയുന്നു.