പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ 2000 രൂപ പിഴ ; ആവര്‍ത്തിച്ചാല്‍ 10,000 ; നിയമം കടുപ്പിച്ച് മോട്ടോര്‍ വാഹന വകുപ്പ്
തിരുവനന്തപുരം:വാഹനങ്ങളില്‍ നിന്നുള്ള അന്തരീക്ഷ മലിനീകരണത്തിന് തടയിടാന്‍ കര്‍ശന നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. വാഹനത്തില്‍ പുക പരിശോധനാ സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ 2000 രൂപ പിഴ ഈടാക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. വീണ്ടും ആവര്‍ത്തിക്കുകയാണെങ്കില്‍ 10,000 രൂപ പിഴ അടയ്ക്കേണ്ടി വരും. മൂന്ന് മാസം വരെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തേക്കാമെന്നും മോട്ടോര്‍ വാഹന വകുപ്പ് മുന്നറിയിപ്പ് നല്കുന്നു.
പുക പരിശോധനയില്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ ഏഴ് ദിവസത്തിനുള്ളില്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാനായിരുന്നു നിര്‍ദ്ദേശം നല്‍കിയിരുന്നത്. ഇനി മുതല്‍ ഈ ഇളവ് ഉണ്ടാകില്ല. സംസ്ഥാനത്തെ വായുമലിനീകരണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഹരിത ട്രൈബ്യൂണല്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.
ഉയര്‍ന്ന തോതില്‍ അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കണമെന്നാണ് ഹരിത ട്രൈബ്യൂണല്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. പുക പരിശോധനാ കേന്ദ്രങ്ങള്‍ ഓണ്‍ലൈനാക്കുന്നതും ഈ സര്‍ട്ടിഫിക്കറ്റുകളിലേക്ക് മാറ്റുന്നതുമായ നടപടികള്‍ പരോഗമിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.