ചീമേനിപുലിയന്നൂര് ജാനകി വധക്കേസ്: അന്തിമവാദം പൂര്‍ത്തിയായി വിധി ഉടന്‍
കാസര്‍കോട് : ചീമേനി പുലിയന്നൂരിലെ റിട്ട. അധ്യാപിക പി.വി. ജാനകിയെ (67) കൊലപ്പെടുത്തി സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ അന്തിമവാദം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ പൂര്‍ത്തിയായി. ജഡ്ജി അഹമ്മദ് കോയയാണ് കേസില്‍ വാദം കേട്ടത്. അടുത്ത സിറ്റിങ് നടക്കുന്ന മേയ് 17-ന് ശിക്ഷ വിധിക്കുന്ന തീയതി പ്രഖ്യാപിക്കും.
കേസില്‍ 94 സാക്ഷികളെയാണ് വിസ്തരിച്ചത്. ഒന്നാം സാക്ഷിയും ജാനകി ടീച്ചറുടെ ഭര്‍ത്താവുമായ കൃഷ്ണന്, ഫൊറന്‍സിക് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരെ വിസ്തരിച്ചു. 212 രേഖകളും 54 തൊണ്ടിമുതലുകളും പ്രോസിക്യൂഷന് ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി അഡ്വ. കെ. ദിനേഷ് കുമാറും പ്രതിഭാഗത്തിനായി ഗിരീഷ് ബാബുവും കോടതിയില്‍ ഹാജരായി.
2017 ഡിസംബര്‍ 13-ന് അര്‍ധരാത്രിയാണ് ചീമേനി പുലിയന്നൂരിലെ വീട്ടില്‍ ജാനകി ടീച്ചറെ കഴുത്തറുത്ത് കൊന്ന് ഏഴുപവന്‍ സ്വര്‍ണാഭരണവും 92000 രൂപയും കവര്‍ന്നത്.