മന്ത്രവാദത്തിനു ഫലം കണ്ടില്ല; ഒരു ലക്ഷം തിരികെ ചോദിച്ച ദമ്പതികളെയും അമ്മയെയും കുത്തിവീഴ്ത്തിയ മന്ത്രവാദി പിടിയില്‍
മാവേലിക്കര: ബാധ ഒഴിപ്പിക്കാമെന്നു പറഞ്ഞു വാങ്ങിയ ഒരു ലക്ഷം രൂപ തിരികെ ആവശ്യപ്പെട്ട ദമ്പതികളെയും അമ്മയെയും കുത്തി പരുക്കേല്‍പ്പിച്ചു കടന്നുകളഞ്ഞ മന്ത്രവാദിയെ മാവേലിക്കര കൊല്ലകടവില്നിന്ന് ഇരവിപുരം പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം താന്നി ആലുവിളവീട്ടില്‍ ബലഭദ്രനാ(63)ണ് അറസ്റ്റിലായത്.
പാരിപ്പള്ളി കുളമട സ്വദേശികളായ ദമ്പതിമാരെയും അവരുടെ അമ്മയെയുമാണ് ഇയാള്‍ കുത്തി പരുക്കേല്‍പ്പിച്ചത്. സംഭവത്തിനുശേഷം ഒളിവില്‍ പോയ ഇയാളെ പിടികൂടാന്‍ കൊല്ലം സിറ്റി പോലീസ് കമ്മിഷണര്‍ ടി. നാരായണന്റെയും എ.സി.പി. വിജയന്റെയും മേല്‍നോട്ടത്തില്‍ സിറ്റി സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം നടത്തിവരികയായിരുന്നു. ഇയാള്‍ വെളിയത്തുള്ള രണ്ടാം ഭാര്യയുടെ വീട്ടിലുണ്ടെന്നു വിവരം ലഭിച്ചതിനെത്തുടര്‍ന്നു പോലീസ് അവിടെ എത്തിയപ്പോഴേക്കും മാവേലിക്കരയിലേക്കു കടന്നു. മന്ത്രവാദിയെന്ന പേരിലുള്ള ബന്ധം ഉപയോഗപ്പെടുത്തിയാണ് ഇയാള്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്. കൊല്ലകടവ് ഭാഗത്ത് ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാളെ ഇരവിപുരം എസ്.എച്ച്.ഒ. ധര്‍മജിത്ത്, എസ്.ഐ മാരായ ദീപു, സൂരജ്, സുതന്, സന്തോഷ്, അജിത്കുമാര്‍, എ.എസ്.ഐ. ഷിബു പീറ്റര്‍, സി.പി.ഒ. വൈശാഖ് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. സംഭവസ്ഥലത്തെത്തിച്ചു തെളിവെടുത്തശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ബലഭദ്രന് പിടിയിലായ വിവരമറിഞ്ഞു പലരും പരാതിയുമായി എത്തുന്നുണ്ട്.
കഴിഞ്ഞ 29-നു വൈകിട്ട് ആറരയോടെ താന്നിയിലെ മന്ത്രവാദിയുടെ താമസസ്ഥലത്തായിരുന്നു ആക്രമണം. യുവതിയുടെ അമ്മയുടെ അച്ഛനു പ്രേതബാധയുണ്ടെന്നും ഇത് ഒഴിപ്പിക്കണമെന്നും പറഞ്ഞാണ് ആക്രമണത്തിനിരയായവര്‍ ഇയാളെ സമീപിച്ചത്. മന്ത്രവാദം നടത്തി ബാധയൊഴിക്കാന്‍ പലപ്പോഴായി മന്ത്രവാദി ഇവരില്‍നിന്ന് ഒരു ലക്ഷം രൂപ വാങ്ങിയതായി പോലീസ് പറഞ്ഞു. ഇതു ഫലംകാണാതെ വന്നതോടെയാണ് ദമ്പതിമാര്‍ മന്ത്രവാദിയുടെ വീട്ടിലെത്തി പണം തിരികെ ചോദിച്ചത്. പല അവധികള്‍ പറഞ്ഞശേഷം 29 നു പണം നല്‍കാമെന്നു പറഞ്ഞ് ഇവരെ വീട്ടില്‍ വിളിച്ചുവരുത്തി. വീട്ടിലെത്തിയ യുവതിയെയും മാതാവിനെയും യുവതിയുടെ ഭര്‍ത്താവിനെയും ആക്രമിക്കുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. കൂടുതല്‍ അന്വേഷണത്തിനു പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുമെന്നു പോലീസ് പറഞ്ഞു.
കുത്തേറ്റ് ഗുരുതരാവസ്ഥയിലായ, യുവതിയുടെ മാതാവ് പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലായിരുന്നു.