സോളാര്‍ കേസ് : സരിത നായര്‍ക്ക് 6 വര്‍ഷം കഠിന തടവ്
കോഴിക്കോട്: സോളാര്‍ തട്ടിപ്പ് കേസില്‍ സരിത നായരെ ആറ് വര്‍ഷം കഠിന തടവിന് ശിക്ഷിച്ചു. ഇതിന് പുറമെ 40,000 രൂപ പിഴയുമടയ്ക്കണം. കോഴിക്കോട് ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടേതാണ് വിധി.
സോളാര്‍ പാനല്‍ വെച്ചുകൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നാണ് കേസ്. കോഴിക്കോട് കസബ പോലീസിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. 42 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തെന്നാണ് അബ്ദുള്‍ മജീദ് എന്ന പരാതിക്കാരന് ആരോപിച്ചിരുന്നത്. കഴിഞ്ഞ മാസം കേസിന്റെ വിധി വരാനിരിക്കുകയായിരുന്നു. എന്നാല്‍ സരിത നായര്‍ ഹാജരായിരുന്നില്ല. കേസില്‍ രണ്ടാം പ്രതിയാണ് സരിത. ഒന്നാം പ്രതി ബിജു രാധാകൃഷ്ണനാണ്. മൂന്നാം പ്രതി മണിമോനെ വെറുതെ വിട്ടു.
ഒട്ടേറെ കോടതി വാറണ്ടുകളുണ്ടായിട്ടും തൊഴില്‍ത്തട്ടിപ്പുകേസില്‍ പ്രതിയായിട്ടും സരിതയെ അറസ്റ്റുചെയ്യാത്ത പോലീസ് നടപടി വിവാദമായിരുന്നു. കഴിഞ്ഞയാഴ്ച തിരുവനന്തപുരത്ത് നിന്നായിരുന്നു കോഴിക്കോട് കസബ പോലീസ് സരിതയെ അറസ്റ്റ് ചെയ്തത്. സോളാര്‍ തട്ടിപ്പുകേസില്‍ ആലപ്പുഴ, പത്തനംതിട്ട, കോഴിക്കോട് കോടതികളിലും സരിതയ്ക്കെതിരേ വാറണ്ട് നിലനില്‍ക്കുന്നുണ്ട്.
സരിതയ്ക്ക് ജീവപര്യന്തം ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന് ആവശ്യപ്പെട്ടു. ബിസിനസിന് വേണ്ടി ചതി, വിശ്വാസ വഞ്ചന,ആള്‍മാറാട്ടം,വ്യാജ രേഖ ഉപയോഗിക്കല്‍ എന്നി കുറ്റങ്ങളും കോടതി കണ്ടെത്തിയിട്ടുണ്ട്. ബിജു രാധാകൃഷ്ണന് കോവിഡ് ക്വാറന്റൈനിലായതിനാല്‍ ഇന്ന് ഹാജരായിരുന്നില്ല.അതുകൊണ്ട് സരിതയുടെ കേസ് മാത്രമായിരുന്നു പരിഗണിച്ചത്. ഈ കേസിലാണ് വിധി.
സരിത നായരും, ബിജു രാധാകൃഷ്ണനും ഡോ.ആര്.കെ നായര്‍, ലക്ഷ്മി നായര്‍ എന്നീ പേരുകളില്‍ അബ്ദുള്‍ മജീദിനെ ബന്ധപ്പെടുകയും പണം തട്ടിയെടുത്തുവെന്നുമാണ് കേസ്. എന്നാല്‍ താന്‍ കുറ്റക്കാരനല്ലെന്നും ബിജുരാധാകൃഷ്ണനാണ് തന്നെ ചതിച്ചതെന്നും സരിത പറഞ്ഞെങ്കിലും കോടതി മുഖവിലയ്ക്കെടുത്തില്ല.ബിജു രാധാകൃഷ്ണന് ഇന്ന് കോടതിയില്‍ ഹാജരായില്ല.