സിദ്ദീഖ് കാപ്പന്റെ മെഡിക്കൽ റിപ്പോർട്ട് ഉടൻ കൈമാറണമെന്ന് കേന്ദ്രത്തോട് സുപ്രീം കോടതി
ന്യൂഡൽഹി: കോവിഡ് ബാധിച്ച മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ മെഡിക്കൽ റിപ്പോർട്ട് ഉടൻ കൈമാറണമെന്ന് കേന്ദ്ര സർക്കാറിനോട് സുപ്രീം കോടതിയുടെ നിർദേശം. ഭാര്യയുമായി വിഡിയോ കോൺഫറൻസിൽ സംസാരിക്കാൻ അനുമതിയും നൽകി. സിദ്ദീഖ് കാപ്പനെ ഡൽഹി എയിംസിലേക്ക് മാറ്റണമെന്ന ആവശ്യം സുപ്രീംകോടതി നാളെ പരിഗണിക്കും. ഹരജി ബുധനാഴ്ചത്തേക്ക് മാറ്റി.
സിദ്ദീഖ് കാപ്പനെ ആശുപത്രിക്കിടക്കയിൽ ചങ്ങലയിൽ ബന്ധിച്ചതിനെതിരായ പ്രതിഷേധം രാജ്യമൊട്ടുക്കും ശക്തമായതിന് പിന്നാലെയാണ് കേരള പത്രപ്രവർത്തക യൂണിയൻ സമർപ്പിച്ച ഹേബിയസ് കോർപസ് ഹരജിക്കൊപ്പം സുപ്രീം കോടതി സിദ്ദീഖ് കാപ്പെൻറ കേസും പരിഗണിച്ചത്.
കഴിഞ്ഞ വർഷം ഒക്ടോബർ ആറ് മുതൽ യു.പി സർക്കാറിെൻറയും സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെയും ആവശ്യം അംഗീകരിച്ചാണ് ഹരജി നിരന്തരം നീട്ടിക്കൊണ്ടുപോയത്. സിദ്ദീഖ് കാപ്പന് വേണ്ടി കേരള പത്രപ്രവർത്തക യൂനിയൻ ഡൽഹി ഘടകം പ്രസിഡൻറ് മിജി ജോസാണ് ഹേബിയസ് കോർപസ് ഹരജി സമർപ്പിച്ചത്.
സിദ്ദീഖ് കാപ്പനും കുടുംബത്തിനും നീതി ചോദിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും എഡിറ്റേഴ്സ് ഗിൽഡും തിങ്കളാഴ്ച പരസ്യമായി രംഗത്തുവന്നിരുന്നു.. ഇത് കൂടാതെ ഭാര്യ റൈഹാന സിദ്ദീഖും കേരളത്തിൽ നിന്നുള്ള എം.പിമാരും ചീഫ് ജസ്റ്റിസിന് കത്തുകൾ എഴുതിയിരുന്നു. കാപ്പന്റെ വിഷയം ഉന്നയിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയൻ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും കത്തെഴുതിയിരുന്നു.