ചാക്കുകെട്ടുകൾ പോലെ 22 മൃതദേഹങ്ങൾ കുത്തിനിറച്ച് ഒരു ആംബുലൻസ്, മഹാരാഷ്ട്രയിലെ ഈ കാഴ്ച കണ്ടെങ്കിലും കൊവിഡ് വരാതെ സൂക്ഷിക്കൂ
മുംബൈ : ആശുപത്രിയിൽ നിന്നും കൊവിഡ് ബാധിച്ച് മരണപ്പെടുന്നവരുടെ മൃതദേഹങ്ങളുമായി ശ്മശാനത്തിൽ ഊഴം കാത്ത് വരിവരിയായി കിടക്കുന്ന ആംബുലൻസുകളുടെ ചിത്രങ്ങൾ വിവിധ ഇടങ്ങളിലായി പുറത്തുവന്നിരുന്നു. എന്നാൽ ഒരു ആംബുലൻസിൽ തന്നെ 22 മൃതദേഹങ്ങൾ ചാക്കുകെട്ടുകൾ അട്ടിയിടുന്നത് പോലെ കുത്തിനിറച്ച് കൊണ്ടുപോകുന്ന ഹൃദയഭേദകമായ കാഴ്ചയാണ് മഹാരാഷ്ട്രയിൽ നിന്നും ഇപ്പോൾ പുറത്തുവരുന്നത്. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ ഈ കാഴ്ചയ്ക്കെതിരെ പ്രതിഷേധം ഉയരുകയാണിപ്പോൾ. ഇതോടെ ജില്ലാ ഭരണകൂടം സംഭവത്തിൽ ഇടപെട്ട് അന്വേഷണം നടത്തുമെന്ന് അറിയിച്ചിരിക്കുകയാണ്ആംബുലൻസിൽ മൃതദേഹം കുത്തിനിറയ്ക്കുന്നത് കണ്ട് മൊബൈലിൽ ദൃശ്യങ്ങൾ പകർത്തിയവരുടെ ഫോണുകൾ പൊലീസ് പിടിച്ചെടുത്തതായും റിപ്പോർട്ടുകളുണ്ട്. ബന്ധുക്കളുടെ അടക്കമുള്ള ഇത്തരത്തിൽ പിടിച്ചെടുത്ത ഫോണുകൾ അന്ത്യകർമ്മങ്ങൾ കഴിഞ്ഞ ശേഷമാണ് മടക്കി നൽകിയത്. എന്നാൽ മൃതദേഹങ്ങൾ ശ്മശാനത്തിലേക്ക് കൊണ്ടുപോകുന്നതിനായി കേവലം രണ്ട് ആംബുലൻസുകൾ മാത്രമാണുള്ളതെന്നും അതിനാലാണ് ബോഡി ബാഗുകളിലായി 22 മൃതദേഹങ്ങൾ കൊണ്ടുപോയതെന്നുമാണ് അധികൃതർ നൽകുന്ന വിശദീകരണം. ഈ വിഷയത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് ബീഡ് ജില്ലാ കളക്ടർ രവീന്ദ്ര ജഗ്താപ്പ് അറിയിച്ചു.