മന്‍സൂര്‍ വധം: ഒരു സിപിഎം പ്രവര്‍ത്തകന്‍കൂടി പിടിയില്‍
കണ്ണൂര്‍:പാനൂരിലെ മുസ്ലിം ലീഗ് പ്രവര്ത്തകന് മന്‍സൂറിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍കൂടി കസ്റ്റഡിയില്‍. സിപിഎം പ്രവര്‍ത്തകനായ കടവത്തൂര്‍ മുണ്ടത്തോട് സ്വദേശി പ്രശോഭാണ് പിടിയിലായത്. പ്രശോഭാണ് മന്‍സൂറിനെ കൊല്ലാനുള്ള ബോംബ് നിര്‍മിച്ചുനല്‍കിയതെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ വീട്ടില്‍നിന്ന് ആയുധങ്ങള്‍ കണ്ടെടുത്തു. അതിനിടെ കേസിലെ പത്താംപ്രതിയും സിപിഎം നേതാവുമാായ പിപി ജാബിറിന്റെ വീടിന് അജ്ഞാതര്‍ തീവച്ചു. വീട്ടിലെ ഷെഡില്‍ നിര്‍ത്തിയിട്ടിരുന്ന കാറും രണ്ട് ബൈക്കുകളും പൂര്‍ണമായും കത്തിനശിച്ചു. ചൊക്ലി പോലീസും ഫയര്‍ഫോഴ്സും എത്തിയാണ് തീയണച്ചത്. രാത്രി ഒന്നരമണിയോടെയാണ് സംഭവം നടന്നത്. വീടിന്റെ പിന്‍ഭാഗം കത്തിനശിച്ചിട്ടുണ്ട്. വലിയ സ്ഫോടനത്തോടെയാണ് തീപടര്‍ന്നുപിടിച്ചതെന്നാണ് വീട്ടുകാര്‍ പറയുന്നത്. മുസ്ലിം ലീഗിന്റെ ശക്തികേന്ദ്രമാണ് പ്രദേശമെന്നും ലീഗുകാരാണ് തീയിട്ടതെന്നും സിപിഎം ആരോപിച്ചു.
മന്‍സൂറിനെ കൊലപ്പെടുത്തിയ കേസിലെ പത്താം പ്രതിയാണ് സിപിഎം വള്ളുകണ്ടി ബ്രാഞ്ച് സെക്രട്ടറിയായ ജാബിര്‍. ജാബിറിന്റെ നേതൃത്വത്തിലാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും ഇയാളെ ഇതുവരെ പോലീസ് അറസ്റ്റ് ചെയ്തില്ലെന്നും ലീഗ് നേതൃത്വം ആക്ഷേപം ഉന്നയിച്ചിരുന്നു. ഇതിനിടയിലാണ് ആക്രമണം നടന്നത്. വോട്ടെടുപ്പ് ദിവസം രാത്രി എട്ട് മണിയോടെയാണ് പാനൂര്‍ മുക്കില്‍പീടികയില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകരായ മന്‍സൂറും സഹോദരന് മുഹ്സിനും ആക്രമിക്കപ്പെട്ടത്. ആക്രമികളില്‍നിന്ന് ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ മന്‍സൂറിനെ ഒരു സംഘം ബോംബെറിഞ്ഞ് വീഴ്ത്തുകയായിരുന്നു. മന്‍സൂറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ 25 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. നേരത്തെ ഒതയോത്ത് സംഗീത്, ഒതയോത്ത് വിപിന്‍ എന്നിവര്‍ അറസ്റ്റിലായിരുന്നു. അഞ്ചാം പ്രതി സുഹൈല്‍ പോലീസില്‍ കീഴടങ്ങുകയും മറ്റൊരു പ്രതി രതീഷിനെ മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്തിരുന്നു. പിപി ജാബിര്‍, സിപിഎം പെരിങ്ങളം ലോക്കല്‍ സെക്രട്ടറി എന്‍ അനൂപ്, പുല്ലൂക്കര ബ്രാഞ്ച് കമ്മിറ്റി മെമ്പര്‍ നാസര്‍, ഇബ്രാഹീം എന്നിവരും ഇപ്പോഴും ഒളിവിലാണ്.