ശ്മശാനങ്ങള്‍ തിങ്ങിനിറഞ്ഞു; ഡല്‍ഹിയില്‍ മൃതദേഹങ്ങള്‍ സംസ്കരിക്കാന്‍ സ്ഥലമില്ല
ന്യൂഡല്‍ഹി: കോവിഡ് വ്യാപനവും മരണസംഖ്യയും കുതിച്ചുയര്‍ന്നതോടെ മൃതദേഹങ്ങള്‍ സംസ്കാരിക്കാന്‍ ആവശ്യത്തിന് ഇടമില്ലാതെ നട്ടംതിരിഞ്ഞ് ഡല്‍ഹി. നിലവില്‍ ദിനംപ്രതി 350ലേറെ പേരാണ് ഡല്‍ഹിയില്‍ മാത്രം കോവിഡ് ബാധിച്ച് മരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്തെ ശരാശരി കോവിഡ് മരണം 304 ആണ്. മരണസംഖ്യ ക്രമാതീതമായി ഉയര്‍ന്നതോടെ പലയിടത്തും മൃതദേങ്ങള്‍ സംസ്കരിക്കാന്‍ താത്കാലിക ശ്മശാനങ്ങള്‍ സജ്ജമാക്കുകയാണ് അധികൃതര്‍.
കോവിഡ് രണ്ടാംതരംഗം അതിരൂക്ഷമായ ശേഷം സരായ് കാലെ ഖാന് ശ്മശാനത്ത് ദിവസേന 60-70 മൃതദേഹങ്ങള്‍ വരെയാണ് സംസ്കരിക്കുന്നത്. ദിനംപ്രതി 22 മൃതദേഹങ്ങള്‍ മാത്രം സംസ്കാരിക്കാന്‍ ശേഷിയുള്ള ശ്മശാനത്താണ് മൂന്നിരട്ടിയോളം മൃതദേഹങ്ങള്‍ സംസ്കരിക്കേണ്ട സാഹചര്യമുള്ളത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന ആശങ്കയില്‍ ഇവിടെ സംസ്കാരത്തിനായി നൂറിലേറെ പുതിയ കേന്ദ്രങ്ങള്‍ സജ്ജമാക്കാനുള്ള ശ്രമങ്ങള്‍ അതിവേഗത്തില്‍ പുരോഗമിക്കുകയാണ്.
പുതിയ 20 ഓളം കേന്ദ്രങ്ങള്‍ ഇന്നുരാത്രിയോടെ സജ്ജമാകുമെന്നും ബാക്കിയുള്ള 80 എണ്ണത്തിന്റെ ജോലികള്‍ കുറച്ചുദിവസത്തിനകം തന്നെ പൂര്‍ത്തിയാകുമെന്നും ശ്മശാന നിര്‍മാണത്തിന്റെ കോണ്ട്രാക്ടര് ചുമതലയുള്ള പശുപതി മണ്ഡല് പറഞ്ഞു.
ഡല്‍ഹിയിലെ മറ്റു ശ്മശാനങ്ങളിലും സ്ഥിതി ഗുരുതരമാണ്. എല്ലായിടത്തും ഉള്‍ക്കൊള്ളാവുന്നതിലും അധികം മൃതദേങ്ങള്‍ സംസ്കരിക്കേണ്ട സാഹചര്യമാണ്. മുഴുവന്‍ ശ്മശാനങ്ങള്‍ക്ക് പുറത്തും മൃതദേഹങ്ങളുമായി കാത്തിരിക്കുന്ന ആംബുലന്‍സുകളുടെയും വാഹനങ്ങളുടെയും നീണ്ടനിര കാണാം. മരണസംഖ്യ ഉയര്‍ന്നതോടെ ശ്മശാനങ്ങളില്‍ സംസ്കാര ജോലികള്‍ ചെയ്യുന്നവരുടെ ജോലിഭാരവും വര്‍ധിച്ചു. ഇതോടെ പലയിടത്തും മൃതദേങ്ങള്‍ സംസ്കാരത്തിനുള്ള ഒരുക്കങ്ങള്‍ക്കായി കുടുംബാഗംങ്ങളും സഹായിക്കുന്നതാണ് കാഴ്ച.