സാഹചര്യം ഗുരുതരം; മാരക വൈറസ് വകഭേദം കേരളത്തിലും കണ്ടെത്തി; നിയന്ത്രണങ്ങള്‍ കടുപ്പിക്കും
തിരുവനന്തപുരം:സംസ്ഥാനത്ത് തീവ്രവ്യാപനശേഷിയുള്ള വൈറസ് വകഭേദം കണ്ടെത്തിയതായി മുഖ്യമന്ത്രിപിണറായി വിജയന്. അതിവേഗം പടരുന്ന ബ്രിട്ടീഷ് വകഭേദം കൂടുതല്‍ വടക്കന്‍ കേരളത്തിലാണ്. മാരകശേഷിയുള്ള ദക്ഷിണാഫ്രിക്കന്‍ വകഭേദവും സംസ്ഥാനത്ത് കണ്ടെത്തി. ഉത്തരേന്ത്യയിലെ അവസ്ഥ ഇവിടെയും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. പുതിയ രോഗികളുടേയും ആശുപത്രിയില്‍ ചികില്സവേണ്ടവരുടേയും എണ്ണം കുറയണം. വീടുകള്‍ക്കുള്ളിലും പുറത്തും ഓരോനിമിഷവും ജാഗ്രത വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വാക്സീന് ദൗര്‍ലഭ്യം തുടരുന്നതായും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രത്തോട് ആവശ്യപ്പെട്ട വാക്സീന് ഇതുവരെ ലഭിച്ചില്ല. വാക്സീന് നേരിട്ട് വാങ്ങാന്‍ രണ്ട് കമ്പനികളുമായി ചര്‍ച്ച തുടരുന്നു. 57,58,000 പേര്‍ക്ക് ഒരു ഡോസും 10,39,000 പേര്‍ക്ക് രണ്ട് ഡോസും നല്കി. 80ന് മുകളില്‍ പ്രായമുള്ളവര്‍ക്ക് വീട്ടില്‍ വാക്സീന് നല്‍കുന്നത് പരിഗണനയിലാണ്. യുവാക്കള്‍ വാക്സീന് എടുക്കുംമുന്പ് രക്തദാനത്തിന് തയാറാകണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. കോവിഡ് കാരണം രക്തദാനം പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് അഭ്യര്‍ഥന. കോവിഡ് വാക്സീന് എടുത്താല്‍ ഒരുമാസം രക്തദാനം പാടില്ലെന്നാണ് വിദഗ്ധാഭിപ്രായം.
മറ്റ് നിയന്ത്രണങ്ങള്‍: സ്വകാര്യസ്ഥാപനങ്ങളിലെ ക്ലാസുകള്‍ ഓണ്‍ലൈനില്‍ മാത്രം, വിദ്യാര്‍ഥികളുടെ ഹോസ്റ്റലുകളിലും കര്‍ശനനിയന്ത്രണം. മാനദണ്ഡങ്ങള്‍ പാലിക്കാത്ത കടകള്‍ കുറഞ്ഞത് രണ്ട് ദിവസം അടച്ചിടും. കടകളും ഭക്ഷണശാലകളും വൈകിട്ട് 7.30 വരെ മാത്രമേ പ്രവര്‍ത്തിക്കാവൂ. വിവാഹച്ചടങ്ങുകളില്‍ 50 പേര്‍ക്ക് മാത്രം പങ്കെടുക്കാം. മരണാനന്തരചടങ്ങുകളില്‍ പരമാവധി 20 പേര് മാത്രം. ആരാധനാലയങ്ങളില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. റമസാന്‍ പ്രാര്‍ഥനകള്‍ക്ക് പള്ളികളില്‍ പരമാവധി 50 പേര് മാത്രം. ചെറിയ പള്ളികളാണെങ്കില്‍ എണ്ണം വീണ്ടും കുറയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നമസ്കരിക്കാന്‍ പോകുന്നവര്‍ പായ സ്വന്തമായി കൊണ്ടുപോകണം. ദേഹശുദ്ധിവരുത്താന്‍ ടാങ്കിലെ വെള്ളത്തിന് പകരം പൈപ്പ് വെള്ളം ഉപയോഗിക്കണം.
മേയ് രണ്ടിന് ആഹ്ലാദപ്രകടനങ്ങള്‍ ഒഴിവാക്കും. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ചുമതലയുള്ളവര്‍ മാത്രം പോയാല്‍ മതി. ഉദ്യോഗസ്ഥര്‍, കൗണ്ടിങ് ഏജന്റുമാര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് പ്രവേശിക്കാം. കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് വേണം; രണ്ട് ഡോസ് വാക്സീന് എടുത്തവര്‍ക്കും ഇളവ് നല്‍കും. ബാറുകള്‍, തിയറ്ററുകള്‍, വിനോദകേന്ദ്രങ്ങള്‍ തുടങ്ങിയവ തല്ക്കാലം അടച്ചിടും. മാളുകള്‍, നീന്തല്‍ക്കുളങ്ങള്‍ തുടങ്ങിയവയും അടച്ചിടും. ശനി, ഞായര്‍ ദിവസങ്ങളിലെ പ്രത്യേകനിയന്ത്രണം തുടരും. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധിയാണ്.