ഓക്സിജന്‍ എത്തിച്ചവകയില്‍ ലഭിക്കാനുള്ള ലക്ഷങ്ങള്‍ വേണ്ടെന്ന് വെച്ച് പ്രമുഖ വ്യവസായി പ്യാരേ ഖാന്.
നാഗ്പുര്‍: സര്‍ക്കാര്‍ ആശുപത്രികളില്‍ ഓക്സിജന്‍ എത്തിച്ചവകയില്‍ ലഭിക്കാനുള്ള ലക്ഷങ്ങള്‍ വേണ്ടെന്ന് വെച്ച് പ്രമുഖ വ്യവസായി പ്യാരേ ഖാന്. ഇത് തന്റെ റംസാന് മാസത്തിലെ സക്കാത്താണെന്നും സര്‍ക്കാരില്‍നിന്ന് പണം സ്വീകരിക്കില്ലെന്നും അദ്ദേഹം ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
ഒരാഴ്ചയ്ക്കുള്ളില്‍ നാഗ്പുരിലും സമീപപ്രദേശങ്ങളിലുമുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ 400 മെട്രിക് ടണ്‍ മെഡിക്കല്‍ ഓക്സിജന്‍ എത്തിക്കാന്‍ 85 ലക്ഷം രൂപയാണ് പ്യാരേ ഖാന് ചിലവായത്. ഈ പണം നല്‍കാമെന്ന് സര്‍ക്കാര്‍ അധികൃതര്‍ ഉറപ്പുനല്‍കിയിട്ടുണ്ടെങ്കിലും അത് വാങ്ങേണ്ടെന്നാണ് പ്യാരേ ഖാന്റെ തീരുമാനം. മനുഷ്യര്‍ക്കുളള സേവനമായി ഇതിനെ പരിഗണിക്കണമെന്നും ഈ പ്രതിസന്ധി ഘട്ടത്തില്‍ എല്ലാവിഭാഗങ്ങളിലുള്ളവര്‍ക്കും ഓക്സിജന്‍ എത്തിക്കുന്നതിലൂടെ സമൂഹത്തെ സേവിക്കാന്‍ തനിക്ക് കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആവശ്യമെങ്കില്‍ ബ്രസല്‍സില്‍നിന്ന് ഓക്സിജന്‍ ടാങ്കറുകള്‍ എയര്‍ലിഫ്റ്റിങ് വഴി എത്തിക്കാന്‍ പദ്ധതിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അത്യാവശ്യമായി ബെംഗളൂരുവില്‍നിന്ന് രണ്ട് ക്രയോജനിക് ഗ്യാസ് ടാങ്കറുകള്‍ ആവശ്യമായപ്പോള്‍ മൂന്നിരട്ടി പണം നല്‍കിയാണ് പ്യാരേ ഖാന് ഇത് എത്തിച്ചത്. മാത്രമല്ല, ഓക്സിജന്‍ ടാങ്കറുകള്‍ക്ക് പലരും ഇരട്ടിവില ചോദിച്ചപ്പോള്‍ വിലപേശാന്‍ നില്‍ക്കാതെ എല്ലായിടത്തും എത്തിച്ചുനല്‍കുകയും ചെയ്തു. നിലവില്‍ നാഗ്പുര്‍ ജില്ലാ ഭരണകൂടവുമായി ചേര്‍ന്നാണ് പ്യാരേ ഖാന് ഓക്സിജന്‍ വിതരണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഇതുവരെ വിവിധ ആശുപത്രികള്‍ക്കായി 500-ലേറെ ഓക്സിജന്‍ സിലിണ്ടറുകള്‍ തങ്ങള്‍ നല്‍കിയതായും 360 സിലിണ്ടറുകള്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി വഴി ലഭ്യമാക്കിയിട്ടുണ്ടെന്നും പ്യാരേ ഖാന് പറഞ്ഞു.
‘ടാങ്കറുകള്‍ ലഭ്യമാക്കുക എന്നതാണ് നിലവിലെ ഏറ്റവും വലിയ വെല്ലുവിളി. വിവിധയിടങ്ങളില്‍നിന്ന് ഞാന്‍ ടാങ്കറുകള്‍ സംഘടിപ്പിക്കുന്നുണ്ട്. നാഗ്പുരിലേക്കും സമീപപ്രദേശങ്ങളിലേക്കുമാണ് ഓക്സിജന്‍ ആവശ്യമായുള്ളത്. ലഭ്യമായ ടാങ്കറുകളെല്ലാം ഓക്സിജന്‍ നിറയ്ക്കാനായി റായ്പുരിലേക്കും റൂര്‍ക്കേലയിലേക്കും ഭിലായിലേക്കും അയച്ചുകൊണ്ടിരിക്കുകയാണ്’ – അദ്ദേഹം പറഞ്ഞു.
ആഷ്മി റോഡ് കാരിയേഴ്സ് എന്ന ട്രാന്‍സ്പോര്‍ട്ട് കമ്പനിയുടെ ഉടമയാണ് നാഗ്പുര്‍ സ്വദേശിയായ പ്യാരേ ഖാന്. ഇന്ത്യ, നേപ്പാള്‍, ബംഗ്ലാദേശ്, ഭൂട്ടാന് എന്നിവിടങ്ങളിലായി രണ്ടായിരത്തോളം ട്രക്കുകളുടെ ശൃംഖലയാണ് കമ്പനിക്കുള്ളത്. 1200-ഓളം പേര് ജീവനക്കാരായുമുണ്ട്. താജ്ബാഗിലെ ചേരിയില്‍ ജനിച്ചുവളര്‍ന്ന പ്യാരേ ഖാന് ആദ്യം ഓറഞ്ച് വില്‍പ്പനയായിരുന്നു ജോലി. നാഗ്പുര്‍ റെയില്‍വേ സ്റ്റേഷന് മുന്നില്‍ ഓറഞ്ച് വിറ്റിരുന്ന ചെറുപ്പക്കാരനാണ് പിന്നീട് 400 കോടി ആസ്തിയുള്ള കമ്പനി പടുത്തുയര്‍ത്തിയത്. ഐഐഎം അഹമ്മദാബാദില്‍ ഉള്‍പ്പെടെ പ്യാരേ ഖാന്റെ ജീവിതം കേസ് സ്റ്റഡിയായി വിദ്യാര്‍ഥികള്‍ക്ക് വേണ്ടി അവതരിപ്പിച്ചിരുന്നു.