കൊവിഡ് ഇത്തവണ പിടികൂടാനെത്തിയത് കൂടുതൽ യുവാക്കളെയാണെങ്കിലും മരിക്കുന്നതേറെയും 70 വയസിന് മുകളിലുളളവർ; ഇറ്റലിയിൽ സംഭവിച്ച ദുരന്തം ആവർത്തിക്കുമോ ?
ന്യൂഡൽഹി: ഒന്നാംഘട്ട കൊവിഡ് വ്യാപനത്തെയും ഇപ്പോൾ രാജ്യത്ത് സംഭവിക്കുന്ന രണ്ടാംഘട്ട വ്യാപനത്തെയും താരതമ്യം ചെയ്താൽ ഇത്തവണ അതിവേഗ വ്യാപനമാണെന്ന് കാണാം. ഇതുമൂലം പലപ്പോഴും ഒരു കുടുംബം ഒന്നാകെ രോഗബാധയേൽക്കുന്ന സംഭവങ്ങൾ കൂടി വരികയാണ്. ഒന്നാംഘട്ടവുമായി താരതമ്യം ചെയ്യുമ്പോൾ കൂടുതൽ യുവാക്കൾ രോഗബാധിതരാകുന്നുമുണ്ട്. ഇതുമൂലം ഏറ്റവുമധികം കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടതും ഈ പ്രായക്കാരാണ്. ഇവരിൽ നിന്ന് മറ്റുളളവർക്ക് രോഗം വരാനുളള സാദ്ധ്യത കൂടുതലാണ്.എത്രയൊക്കെ ശ്രദ്ധിച്ചാലും ലക്ഷണങ്ങളില്ലാതെ രോഗബാധ ഉണ്ടാകാനിടയുണ്ട്. ഇത്തരത്തിലുളളവരാണ് ഇന്ത്യയിൽ കൂടുതൽ കൊവിഡ് രോഗം പരത്തുന്നത്. 80 മുതൽ 85 ശതമാനം വരെ രോഗികൾ ലക്ഷണമില്ലാത്തവരാണ്. അടച്ചിട്ടയിടങ്ങളിൽ സംസാരിക്കുമ്പോൾ ലക്ഷണമില്ലാത്തവർ അതിവേഗം രോഗം പരത്തും.ലക്ഷണില്ലാത്ത രോഗികൾ കൂടിയതും പരിവർത്തനം വന്ന വൈറസുകൾ പലതരം ഉണ്ടായതുമാണ് കൊവിഡിന്റെ രണ്ടാം തരംഗം രാജ്യത്ത് വർദ്ധിക്കാൻ കാരണം. ഡൽഹിയിലും പഞ്ചാബിലും കണ്ടെത്തിയ കൊവിഡ് യു.കെ വകഭേദം ആദ്യ വൈറസിനെക്കാൾ 50 ശതമാനം വേഗത്തിലാണ് പടരുന്നത്. ഇന്ത്യയിൽ കണ്ടെത്തിയ മൂന്ന് വട്ടം പരിവർത്തനം വന്ന വൈറസും വളരെ പെട്ടെന്ന് പടർന്നുപിടിക്കുന്നതാണ്.രാജ്യത്ത് സർക്കാരുകൾ രോഗം സ്ഥിരീകരിച്ചയിടങ്ങളിൽ മൈക്രോ കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിക്കാനുളള പ്രാദേശിക ഭരണകൂടങ്ങൾക്ക് നൽകിയതോടെ കൊവിഡ് പ്രതിരോധത്തിൽ വലിയ ഇടിവ് വന്നു. ഒപ്പം കൊവിഡ് നിയന്ത്റണങ്ങളിൽ ഇളവ് നൽകിയപ്പോൾ എല്ലാം പഴയതുപോലെയായി എന്ന രീതിയിൽ വീടുകളിൽ പാർട്ടിയും, ഒത്തുചേരലുകളും അടച്ചിട്ടയിടങ്ങളിൽ യോഗങ്ങളും ആരംഭിച്ചു. ഇത് സമൂഹവ്യാപനത്തിന് ഇടയാക്കി. രോഗം സ്ഥിരീകരിച്ചവരിൽ ലക്ഷണങ്ങളില്ലാത്തവരെയും, വലിയ അപകട സാദ്ധ്യതയുളളവയെയും അഞ്ച് മുതൽ പത്ത് ദിവസങ്ങൾക്കിടയിൽ പരിശോധിക്കേണ്ടതുണ്ട്. ഇവരുടെ കൊവിഡ് പരിശോധനാ ഫലം കൃത്യമായിരിക്കണം. തെറ്റായ നെഗറ്റീവ് ഫലമാണ് ലഭിക്കുന്നതെങ്കിൽ ഇവരും സമൂഹത്തിൽ രോഗം പരത്തും.പരിശോധയിലും പോരായ്മകളുണ്ട്. പരിശോധനാ ഫലം ലഭിക്കാൻ താമസിക്കുന്നതും ഈ സമയത്ത് രോഗമുളളവർ സമൂഹവുമായി ഇടപെടുന്നതും രോഗവ്യാപനം കൂട്ടുന്നു. ചിലർ മനപൂർവം കൊവിഡ് ചട്ടങ്ങൾ ലംഘിക്കുന്നതും പ്രതിസന്ധി വർദ്ധിപ്പിക്കുന്നു. ഇറ്റലിയിൽ സംഭവിച്ചതിന് സമാനമായ സാഹചര്യമാണ് ഇത്. കൊവിഡ് നിയന്ത്രണങ്ങൾക്ക് നൽകിയ ഇളവിനെ തുടർന്ന് യുവാക്കൾ ചട്ടങ്ങൾ മറന്ന് പുറത്തിറങ്ങി ഇടപഴകി. ഇതോടെ കൊവിഡ് അതിവേഗം രാജ്യത്ത് വീണ്ടും പടർന്നുപിടിച്ചു. ഫലമോ 70നും 90നും ഇടയിൽ പ്രായമായ മുതിർന്നവർക്ക് ഇവരിൽ നിന്ന് രോഗം ബാധിച്ച് ഏതാണ്ട് 74,606 പേർ മരിച്ചു. രാജ്യത്തെ ആകെ മരണനിരക്കിന്റെ 85 ശതമാനമാണിത്. ഈ സ്ഥിതിയിലേക്ക് മാറാതിരിക്കാൻ യുവാക്കൾ കർശനമായി കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കണം.കൊവിഡ് മരണനിരക്ക് പരിശോധിച്ചാൽ 70 വയസ് കഴിഞ്ഞവരാണ് ഏഴ് പ്രായഗ്രൂപ്പുകളിൽ ഏറ്റവുമധികം രോഗം ബാധിച്ച് മരണമടയുന്നതെന്ന് കേന്ദ്രം പുറത്തിറക്കിയ വിവരപട്ടികയിൽ പറയുന്നു. 70-80 വയസ് പ്രായമുളളവരും 80ന് മുകളിലുളളവരും അതീവ ഗുരുതരമായ മരണസാദ്ധ്യതയുളള വിഭാഗത്തിലാണ്. എന്നാൽ ഒന്നാംഘട്ടത്തെ അപേക്ഷിച്ച് യുവാക്കളിലും മരണനിരക്ക് ഉയർന്നിട്ടുണ്ട്. ഇതിന് കാരണം ഈ വിഭാഗക്കാർ കൊവിഡ് ചട്ടങ്ങൾ മതിയായവണ്ണം പാലിക്കാത്തതാണ്. ഇത് കാരണം പരിവർത്തനം വന്ന വൈറസ് ഇവരിൽ ബാധിക്കുന്നു. ഇത്തരത്തിൽ ചില വൈറസുകൾ പ്രതിരോധ സംവിധാനത്തെ തന്നെ മറികടക്കാൻ പ്രാപ്തിയുളളതാണ്.നിലവിൽ രണ്ട് വാക്സിനുകളാണ് കൊവിഡ് പ്രതിരോധത്തിനായി കുത്തിവയ്ക്കുന്നത്. കൊവിഷീൽഡും കൊവാക്സിനും. ഇവ എന്നാൽ രോഗവ്യാപനം തടയാനുളളവയല്ല. എന്നാൽ രോഗം വന്നാൽ അതിന്റെ തീവ്രത കുറയ്ക്കുന്നവയാണ്. വാക്സിനെടുത്താലും പതിനായിരം പേരിൽ 4 പേർക്ക് വരെ വീണ്ടും രോഗം വരാം. അതിനാൽ വാക്സിനേഷൻ എടുത്തവരും കൊവിഡ് പ്രതിരോധം തുടരുക തന്നെ വേണം.