തിരുവവന്തപുരം: അട്ടപ്പാടി മഞ്ചിക്കണ്ടിയില്‍ തണ്ടര്‍ബോള്‍ട്ടുമായുണ്ടായ ഏറ്റുമുട്ടലില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതിനെയും കോഴിക്കോട് മാവോയിസ്റ്റ് ബന്ധമാരോപിച്ച് രണ്ട് യുവാക്കളെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തതിനെയും ന്യായീകരിച്ച് ചീഫ് സെക്രട്ടറി ടോം ജോസ്. മാവോയിസ്റ്റുകള്‍ തീവ്രവാദികള്‍ തന്നെയാണെന്നും ജനാധിപത്യ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നുമാണ് ടോം ജോസ് പറഞ്ഞത്.
ഒരു ഇംഗ്ലീഷ് ദിനപ്പത്രത്തിലെഴുതിയ ലേഖനത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
അട്ടപ്പാടിയിലെ മാവോയിസ്റ്റുകളുടെ കൊലപാതകം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ച സാഹചര്യത്തിലാണ് പോലീസ് നടപടിയെ ന്യായീകരിച്ച് ചീഫ് സെക്രട്ടറി രംഗത്തെത്തിയത്. മാവോയിസ്റ്റുകള്‍ തീവ്രവാദികള്‍ തന്നെയാണെന്നും ജനാധിപത്യരീതിയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാറുകളെ അട്ടിമറിക്കാനുള്ള ശ്രമമാണ് അവര്‍ നടത്തുന്നതെന്നും അതിനാല്‍ മാവോയിസ്റ്റുകളുടെ രീതികളെ ന്യായീകരിക്കാന്‍ കഴിയില്ലെന്നുമാണ് അദ്ദേഹം ലേഖനത്തില്‍ വ്യക്തമാക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്റേയും പോലീസിന്റെയും നിലപാടുകളോട് യോജിക്കുന്ന രീതിയിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. പ്രതിപക്ഷവും സിപിഐയും മാവോയിസ്റ്റുകള്‍ക്കെതിരെ നടന്നത് വ്യാജ ഏറ്റുമുട്ടലെന്ന വാദവുമായി രംഗത്തെത്തുന്ന സമയത്താണ് പരസ്യമായ അഭിപ്രായ പ്രകടനവുമായി ചീഫ് സെക്രട്ടറി രംഗത്തെത്തിയതെന്നതും ഏറെ ശ്രദ്ധേയമാണ്.