സമ്പൂർണ ലോക്ഡൗൺ വേണ്ട; വോട്ടെണ്ണൽ ദിനത്തിൽ ആരോഗ്യ പ്രോട്ടോകോള്‍ പാലിക്കണം -ചെന്നിത്തല
തിരുവനന്തപുരം: കേരളത്തിൽ സമ്പൂർണ ലോക്ഡൗൺ വേണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലോക്ഡൗണിനോട് യു.ഡി.എഫിന് താൽപര്യമില്ല. ലോക്ക്ഡൗണ്‍ ജനജീവിതത്തെ ബുദ്ധിമുട്ടിലാക്കും. അത് കേരളത്തിന് താങ്ങാന്‍ കഴിയുമോയെന്ന് സംശയമുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
വോട്ടെണ്ണൽ ദിനത്തിലെ ആഘോഷങ്ങളിൽ മിതത്വം പാലിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. ആരോഗ്യ പ്രോട്ടോകോള്‍ പാലിച്ചുള്ള വിജയാഹ്ലാദം മതിയെന്നും അദ്ദേഹം വ്യക്തമാക്കി.
വാരാന്ത്യ ലോക്ഡൗൺ പോലെയുള്ള നിയന്ത്രണങ്ങൾ സ്വീകാര്യമാണ്. കണ്ടെയ്ൻമെന്റ് സോണ്‍ വേണ്ടിടത്ത് അത് നടപ്പാക്കണം. ചെറുകിട ഫാക്ടറികള്‍, കച്ചവടക്കാര്‍ അടക്കം സാധാരണ ജനങ്ങളുടെ ജീവിതം കൂടി കണക്കിലെടുക്കണം.
കടകളുടെ സമയം രാത്രി ഒമ്പത് മണിയാക്കിയാൽ തിരക്ക് കുറയും. ബാക്കിയുള്ള കാര്യങ്ങള്‍ സംസ്ഥാന സര്‍ക്കാരാണ് പറയേണ്ടതെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.