കന്യാകുമാരിയിൽ നിന്ന് മീന്‍പിടിത്തത്തിന് പോയ 11 മത്സ്യത്തൊഴിലാളികളെ കാണ്മാനില്ല, തെരച്ചിലിന് നാവികസേനയിറങ്ങി
മുംബൈ: കന്യാകുമാരിയില്‍ നിന്ന് മീന്‍ പിടിത്തത്തിന് പോയി കാണാതായ 11 മത്സ്യത്തൊഴിലാളികള്‍ക്കായി തെരച്ചില്‍ തുടരുന്നു. ഗോവന്‍ അതിര്‍ത്തിയില്‍ നിന്ന് 600 നോട്ടിക്കല്‍ മൈല്‍ അകലെ നിന്ന് ബോട്ടിന്റെ അവശിഷ്ടങ്ങള്‍ കണ്ട സാഹചര്യത്തില്‍, മുംബൈ കോസ്റ്റ് ഗാര്‍ഡാണ് തെരച്ചില്‍ നടത്തുന്നത്. നാവിക സേനയും അന്വേഷണത്തിനായി പുറപ്പെട്ടു.
കഴിഞ്ഞ ഒമ്ബതിന് കന്യാകുമാരിയിലെ തേങ്ങാപട്ടണത്ത് നിന്ന് പുറപ്പെട്ട മെഴ്സിഡസ് എന്ന ബോട്ടില്‍ ഉണ്ടായിരുന്നവരെയാണ് കാണാതായത്. ബോട്ടുടമ ഫ്രാങ്ക്ളിന് ജോസഫ് അടക്കം വള്ളവിള സ്വദേശികളായ പതിനൊന്ന് പേരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. വെള്ളിയാഴ്ച ബോട്ടുമായി മറ്റു ബോട്ടുകളിലെ തൊഴിലാളികള്‍ ബന്ധപ്പെട്ടിരുന്നു. പിന്നീട് വിവരം ഒന്നും ഇല്ലാതായതോടെ അന്വേഷിച്ചു പോയ മത്സ്യത്തൊഴിലാളികളാണ് ബോട്ടിന്റെ അവശിഷ്ടങ്ങള്‍ ഗോവന്‍ തീരത്ത് നിന്ന് 600 നോട്ടിക്കല്‍ മൈല്‍ അകലെ കണ്ടെത്തിയത്. ബോട്ടിനോടൊപ്പമുള്ള രണ്ടു ചെറു വള്ളങ്ങളില്‍ ഒന്നും കണ്ടെത്തി. മത്സ്യത്തൊഴിലാളികളുടെ 10 ബോട്ടുകളും തെരച്ചിലിന് സഹകരിക്കുന്നുണ്ട്.