18-45 പ്രായക്കാര്‍ക്കുള്ള വാക്സിന്; എതിര്‍പ്പുകള്‍ക്കൊടുവില്‍ നിലപാട് മാറ്റി കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി:എതിര്‍പ്പുകള്‍ക്കൊടുവില്‍ 18-45 പ്രായക്കാരുടെ വാക്സിനേഷന് സംബന്ധിച്ച തീരുമാനം കേന്ദ്ര സര്‍ക്കാര്‍ മാറ്റി. ഈ പ്രായപരിധിയിലുള്ളവര്‍ക്ക് സ്വകാര്യ ആശുപത്രിയില്‍നിന്ന് മാത്രമേ വാക്സിനെടുക്കാന്‍ സാധിക്കൂവെന്നായിരുന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ആദ്യത്തെ അറിയിപ്പ്. ട്വിറ്ററിലും ഫേസ്ബുക്കിലും അറിയിപ്പ് പോസ്റ്റ് ചെയ്തതോടെ പ്രതിഷേധം വ്യാപകമായി. ഇതോടെ, കേന്ദ്രം നിലപാട് തിരുത്തി. 18-45 പ്രായക്കാര്‍ക്ക് സ്വകാര്യ, സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ വാക്സിന് എടുക്കാം. എന്നാല്‍ ഇതിന് കേന്ദ്രവിഹിതം കിട്ടില്ല. സംസ്ഥാന സര്‍ക്കാരുകളോ സ്വകാര്യ ആശുപത്രികളോ വാങ്ങുന്ന വാക്സിന് മാത്രമേ ലഭിക്കൂ എന്നാണ് പുതിയ തീരുമാനം. മെയ് ഒന്നിന് ആരംഭിക്കുന്ന മൂന്നാം ഘട്ടം വാക്സിനേഷനില്‍ 18-45 പ്രായക്കാര്‍ക്കും സൗജന്യമായി വാക്സിന് നല്‍കുമെന്ന് കേരളം ഉള്‍പ്പെടെ സംസ്ഥാനങ്ങള്‍ പ്രഖ്യാപിച്ചിരിക്കെയാണ് കേന്ദ്രത്തിന്റെ പുതിയ നിബന്ധന.
സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡ് വാക്സിന് ഡോസിന് 600 രൂപയ്ക്കും ഭാരത് ബയോടെക്കിന്റെ കോവാക്സിന് ഡോസിന് 1200 രൂപയ്ക്കുമാണ് സ്വകാര്യമേഖലയില്‍ നല്‍കുന്നത്. സംസ്ഥാനങ്ങള്‍ക്ക് കോവിഷീല്‍ഡ് 400 രൂപയ്ക്കും കോവാക്സിന് 600 രൂപയ്ക്കുമാണ് ലഭ്യമാക്കുന്നത്. അതേസമയം, കേന്ദ്രത്തിന് 150 രൂപ നിരക്കിലാണ് വാക്സിനുകള്‍ ലഭ്യമാക്കുന്നത്. സ്വകാര്യ ആശുപത്രികള്‍ വാങ്ങുന്ന വാക്സിന് സര്‍വീസ് ചാര്‍ജ് കൂടി ചേരുമ്പോള്‍ വില പിന്നെയും ഉയര്‍ന്നേക്കും. ഈ നിരക്കില്‍ വേണം 18-45 പ്രായക്കാര്‍ വാക്സിന് സ്വീകരിക്കേണ്ടിവരിക. വാക്സിന് സ്വീകരിക്കാനായി കോവിന്‍ ആപ്പ് അല്ലെങ്കില്‍ വെബ്സൈറ്റ് വഴിയോ രജിസ്റ്റര്‍ ചെയ്യാം. ഒന്നും രണ്ടും ഘട്ടങ്ങളില്‍ ഉണ്ടായ നടപടിക്രമങ്ങള്‍ തന്നെയാണ് തുടരേണ്ടത്. ഏപ്രില്‍ 28 മുതല്‍ രജിസ്ട്രേഷന് ആരംഭിക്കും.