24 മണിക്കൂറിനിടെ രാജ്യത്ത് 3.52 ലക്ഷം കോവിഡ് രോഗികള്‍, 2812 മരണം
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,52,991 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,73,13,163 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 2812 പേരുടെ ജീവന് കോവിഡ് കവര്‍ന്നു. ഇതോടെ ആകെ കോവിഡ് മരണം 1,95,123 ആയി ഉയര്‍ന്നതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം മൂന്ന് ലക്ഷം പിന്നിടുന്നത്. നിലവില്‍ 28,13,658 സജീവ കേസുകളാണ് രാജ്യത്തുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,19,272 പേര് രോഗമുക്തരായി. ഇതുവരെ ആകെ 1,43,04,382 പേരാണ് പൂര്‍ണമായും രോഗമുക്തരായത്.
പകുതിയിലേറേ പുതിയ കേസുകളും മഹാരാഷ്ട്ര, കേരളം ഉള്‍പ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ്. 66191 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത്. ഉത്തര്‍പ്രദേശ് 35,311, കര്‍ണാടക 34,804, കേരളം 28,269, ഡല്‍ഹി 22,933 എന്നിങ്ങനെയാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനങ്ങള്‍.
രാജ്യത്തുടനീളം 14,19,11,223 പേര് ഇതുവരെ കോവിഡ് വാക്സിന് സ്വീകരിച്ചു. ഐസിഎംആര്‍ കണക്കുകള്‍ പ്രകാരം 27,93,21,177 സാമ്പിളുകളാണ് ഇതുവരെ രാജ്യത്തുടനീളം പരിശോധിച്ചത്. ഞായറാഴ്ച മാത്രം 14,02,367 സാമ്പിളുകള്‍ പരിശോധിച്ചു.