വെല്ലുവിളി ഏറ്റെടുത്ത് ഡല്‍ഹിക്ക് ജീവവായു നല്‍കാനൊരുങ്ങി കേരളം
ന്യൂഡല്‍ഹി: കോവിഡ് കുതിച്ചുയര്‍ന്ന് പ്രാണവായുവില്ലാതെ ശ്വാസം മുട്ടുന്ന തലസ്ഥാനവാസികള്‍ക്ക് സഹായഹസ്തം നീട്ടി കേരളം. ഓക്സിജനുണ്ടെങ്കില്‍ നല്‍കണമെന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെയും ഡല്‍ഹിയിലെ മലയാളി സംഘടനകളുടെയും അഭ്യര്‍ഥന മാനിച്ചാണ് കേരള സര്‍ക്കാരിന്റെ സഹായം.
ഡല്‍ഹിക്കു വേണ്ടി ഓക്സിജന്‍ നല്കാന് സന്നദ്ധമാണെന്ന് കേരള ചീഫ് സെക്രട്ടറി വി.പി. ജോയ് ‘മാതൃഭൂമി’യോടു പറഞ്ഞു. ഇക്കാര്യത്തില്‍ കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയനും അനുഭാവപൂര്‍വമായ നിലപാടെടുത്തിരുന്നു.
എന്നാല്‍, ഓക്സിജന്‍ നല്കാന് കേരളം സന്നദ്ധമാണെങ്കിലും അതു ഡല്‍ഹിയിലെത്തിക്കലാണ് തങ്ങള്‍ക്കു മുന്നിലുള്ള വെല്ലുവിളിയെന്ന് വി.പി.ജോയ് വ്യക്തമാക്കി. ഇക്കാര്യത്തില്‍ ഡല്‍ഹി ചീഫ് സെക്രട്ടറി വിജയ് ദേവുമായി തുടര്‍ചര്‍ച്ചകള്‍ നടത്തും.
അരവിന്ദ് കെജ്രിവാളിന്റെ കത്തു ലഭിച്ചയുടന്‍ മുഖ്യമന്ത്രി പിണറായി വിജയന് ഡല്‍ഹിയില്‍ ഓക്സിജന്‍ ലഭ്യമാക്കാനുള്ള സാധ്യതകള്‍ ആരായണമെന്ന് ചീഫ് സെക്രട്ടറിയടക്കമുള്ള ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതായും അറിയുന്നു.
കോവിഡ് ഭീതിയുള്ള ഡല്‍ഹിയില്‍ ഓക്സിജന്‍ ലഭ്യമാക്കാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ജനസംസ്കൃതി കഴിഞ്ഞദിവസം മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. ഡല്‍ഹി മലയാളികളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കണമെന്ന് പിണറായിക്കയച്ച കത്തില്‍ ജനസംസ്കൃതി അഭ്യര്‍ഥിച്ചു.
ഇതിനു പിന്നാലെ, മലയാളിക്കൂട്ടായ്മയായ ഡിസ്ട്രസ് മാനേജ്മെന്റ് കളക്ടീവും മുഖ്യമന്ത്രി, ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍, ചീഫ് സെക്രട്ടറി വി.പി. ജോയ് എന്നിവര്‍ക്ക് ഞായറാഴ്ച കത്തയച്ചു. ഡല്‍ഹിക്ക് അടിയന്തരമായി ഓക്സിജന്‍ ലഭ്യമാക്കാന്‍ ഇടപെടണമെന്ന് അഭ്യര്‍ഥിച്ചതായി സംഘടനയുടെ പ്രസിഡന്റ് ദീപ ജോസഫ് പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നുള്ള മറുപടി ഇ-മെയിലില്‍ ലഭിച്ചു. ഇതിനു പുറമേ, ചീഫ് സെക്രട്ടറിയുമായി ആശയവിനിമയം നടത്തിയതായും ദീപ അറിയിച്ചു.