കേന്ദ്രം അനുവദിച്ച കാസര്‍കോട്ടെ ഓക്സിജന്‍ പ്ലാന്റ് ഉക്കിനടുക്കയിലെ മെഡിക്കല്‍ കോളേജില്‍ സ്ഥാപിക്കും ബി എന്‍ സി യോട് ജില്ലാ കളക്ടര്‍
കാസർകോട് :കേന്ദ്ര പി എം കെയേഴ്സ് ഫണ്ടിൽ വകയിരുത്തി അനുവദിച്ച കാസർകോട് ജില്ലയിലെ ഓക്സിജൻ പ്ലാന്റ് ഉക്കിനടുക്കയിലെ കാസർകോട് ഗവ.മെഡിക്കൽ കോളേജിൽ സ്ഥാപിക്കുമെന്ന് ജില്ലാ കളക്ടർ ഡോ. സജിത്ത് ബാബു. ഇന്ന് രാവിലെ ബി എൻ സി യെ അറിയിച്ചതാണിത്.
കോവിഡ് രണ്ടാം വ്യാപനം തടയാൻ ജനപങ്കാളിത്തോടെ കർശന നടപടികൾ തുടരുമെന്നും കളക്ടർ പറഞ്ഞു.
രാജ്യമെമ്പാടുമുള്ള പൊതുജനാരോഗ്യ കേന്ദ്രങ്ങളിലേക്കായി 551 പ്രഷര്‍ സ്വിംഗ് അഡ്സോര്‍പ്ഷന്‍ (ജടഅ) ഓക്സിജന്‍ ഉത്പാദന പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് പി.എം കെയേഴ്സ് ഫണ്ടില്‍ നിന്നാണ് പണം അനുവദിച്ചത്.നിലവിലെ സാഹചര്യം കണക്കിലെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക നിര്‍ദേശപ്രകാരമാണ് പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് തത്വത്തില്‍ അംഗീകാരം നല്‍കിയതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ജില്ലാ ആസ്ഥാനങ്ങളിലെ പ്രധാന ആശുപത്രികളില്‍ സ്ഥാപിക്കുന്ന പ്ലാന്റുകളില്‍ നിന്ന് അതത് ജില്ലകളിലേക്ക് തടസ്സമില്ലാതെ ഓക്സിജന്‍ ലഭ്യമാക്കും.
അനുവദിച്ച പ്ലാന്റുകള്‍ എത്രയും വേഗം പ്രവര്‍ത്തനക്ഷമമാക്കണമെന്ന് പ്രധാനമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിലെ ജില്ലാ ആസ്ഥാനങ്ങളിലുള്ള തിരഞ്ഞെടുത്ത ആശുപത്രികളിലാകും പ്ലാന്റ് സ്ഥാപിക്കുക. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം വഴിയാണ് പദ്ധതി നടപ്പാക്കുക.