നിയന്ത്രണങ്ങള്‍ ലംഘിച്ച് പാലക്കാട്ട് കുതിരയോട്ടം; കാഴ്ചക്കാരായി ജനക്കൂട്ടം, സംഘാടകര്‍ക്കെതിരേ കേസ്
പാലക്കാട്: കോവിഡ് രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ലംഘിച്ച് പാലക്കാട് കുതിരയോട്ടം. തത്തമംഗലം അങ്ങാടി വേലയോട് അനുബന്ധിച്ചാണ് കുതിരയോട്ടം നടന്നത്. 54 കുതിരകളാണ് അണിനിരന്നത്. ഒരു കുതിര ജനങ്ങള്‍ക്കിടയിലേക്ക് പാഞ്ഞുകയറി. സ്ഥലത്തെത്തിയ പോലീസ് കുതിരയോട്ടം നിര്‍ത്തിച്ചു. സംഘാടകര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്.
ഉത്സവത്തിന് മതപരമായ ചടങ്ങുകള്‍ മാത്രം നടത്തുന്നതിനായി സംഘാടകര്‍ പോലീസിനോടും നഗരസഭയോടും അനുമതി തേടിയിരുന്നു. ചടങ്ങുകള്‍ക്ക് അനുമതി ലഭിച്ചതിന്റെ പശ്ചാത്തലത്തില്‍ സംഘാടകര്‍ വേലയോട് അനുബന്ധിച്ചുളള കുതിരയോട്ടം സംഘടിപ്പിക്കുകയായിരുന്നു. ആദ്യസമയത്ത് കാണികള്‍ ഇല്ലായിരുന്നെങ്കിലും പിന്നീട് റോഡിന് ഇരുവശത്തുമായി ജനങ്ങള്‍ തിങ്ങിനിറഞ്ഞു. തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് ലാത്തിവീശി ജനങ്ങളെ ഓടിക്കുകയായിരുന്നു.
ഇതിനിടയില്‍ ഒരു കുതിര ജനങ്ങള്‍ക്കിടയിലേക്ക് പാഞ്ഞുകയറി. കുതിരപ്പുറത്തുണ്ടായിരുന്ന ആള്‍ക്ക് വീഴ്ചയില്‍ പരിക്കേറ്റു. ഇയാള്‍ക്ക് പ്രാഥമിക ചികിത്സ നല്കി. രണ്ടുവര്‍ഷത്തിലൊരിക്കലാണ് അങ്ങാടി വേല നടക്കാറുളളത്.