ഡല്‍ഹിയില്‍ വീണ്ടും കോവിഡ് ദുരന്തം; ഓക്സിജന്‍ കിട്ടാതെ 20 മരണം
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഓക്സിജന്‍ ലഭിക്കാതെയുള്ള കോവിഡ് രോഗികളുടെ മരണം തുടരുന്നു. ഗംഗാറാം ആശുപത്രിയിലെ ദുരന്തത്തിന് പിന്നാലെ ജയ്പുര്‍ ഗോള്‍ഡണ്‍ ആശുപത്രിയിലും ഓക്സിജന്‍ ലഭിക്കാതെ രോഗികള്‍ മരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന 20 പേരാണ് കഴിഞ്ഞ ദിവസം രാത്രിയില്‍ മരിച്ചത്.
ഓക്സിജന്‍ ലഭിക്കാത്തതുതന്നെയാണ് രോഗികളുടെ മരണ കാരണമെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിരിക്കി. മാത്രമല്ല, 210 രോഗികള്‍ ചികിത്സയിലുണ്ടെന്നും പരമാവധി 45 മിനിറ്റ് ഉപയോഗിക്കാനുള്ള ഓക്സിജന്‍ മാത്രമാണ് സ്റ്റോക്കുള്ളതെന്നും ആശുപത്രി വ്യക്തമാക്കി.
ഡല്‍ഹിയിലെ പല ആശുപത്രികളിലും സമാന സ്ഥിതിയാണെന്നാണ് സൂചന. ആശുപത്രികള്‍ രോഗികളെ നിര്‍ബന്ധിതമായി ഡിസ്ചാര്‍ജ് ചെയ്യുകയും തിരിച്ചയയ്ക്കുകയും ചെയ്യുന്നതായി റിപ്പോര്‍ട്ടുണ്ട്.
നേരത്തെ, ഓക്സിജന്‍ ലഭിക്കാത്തത് മൂലം ഡല്‍ഹിയിലെ ഗംഗാറാം ആശുപത്രിയില്‍ 25 രോഗികളാണ് മരിച്ചത്. കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ഓക്സിജന്‍ ക്ഷാമം ചൂണ്ടിക്കാണിച്ച് നിരവധി സ്വകാര്യ ആശുപത്രികള്‍ മുന്നോട്ടുവന്നിരുന്നു. നിരവധി ആശുപത്രികള്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.